തിരുവനന്തപുരം: നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് അധിക വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ചു.
കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ നവംബറിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് എം.ജി. രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണമെന്ന രാജമാണിക്യത്തിന്റെ നിർദേശവും പരിശോധിക്കും.
അധിക വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലാത്തതിനാൽ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുകയാണ്. നവംബർ മുതൽ മാർച്ച് വരെ പ്രതിദിനം മുഴുവൻ സമയവും 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.90 രൂപ നിരക്കിൽ വാങ്ങാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബിയും ഊർജ സെക്രട്ടറിയും അറിയിച്ചതോടെ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
നവംബറിൽ വലിയ വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് രാജമാണിക്യം സർക്കാരിനെ അറിയിച്ച് മുഖ്യമന്ത്രിക്കുമേൽ സമ്മർദം ചെലുത്തിയെന്ന വിലയിരുത്തലിലാണ് സർക്കാർ. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നിർദേശത്തിന് പിന്നിൽ എന്തായിരുന്നുവെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.




