ഹൈദരാബാദ്: 2034-ഓടെ തെലങ്കാനയിലെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ 70 ലക്ഷം സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ ഉന്നമനത്തിന് മുൻഗണന നൽകുന്ന സർക്കാരാണിതെന്നും സ്ത്രീകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകുന്നതിനൊപ്പം സംരംഭകരായി മാറണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ഈ പ്രഖ്യാപനം നടത്താനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതുതായി 4.5 ലക്ഷം പെൻഷനുകൾ അനുവദിച്ചതായും ഇതിൽ 3.5 ലക്ഷവും വിധവകൾക്കും അവിവാഹിതരായ സ്ത്രീകൾക്കുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. നെയ്ത്തുകാർക്കും കള്ള് ചെത്ത് തൊഴിലാളികൾക്കും സർക്കാർ പുതിയ പെൻഷനുകൾ അനുവദിച്ചിട്ടുണ്ട്.
സ്ത്രീകൾ മക്കളുടെ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് പെൺമക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.


