കൊച്ചി: മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അസം നാഗോൺ സ്വദേശി സഫികൾ അലി (37)യെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
മൂവാറ്റുപുഴ പുളിഞ്ചോട് ഭാഗത്തുള്ള ഇൻടസ് മൊബൈൽ ടവറിന്റെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കയറിയാണ് പ്രതി കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷ്ടിച്ചത്. മൊബൈൽ ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മോഷണം പോകുന്നത് തടയാൻ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിന്റെയും സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിന്റെയും നിർദേശപ്രകാരമായിരുന്നു നടപടി.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ടൗൺ ഭാഗത്തെ മൊബൈൽ ടവറിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ അസം നാഗോൺ സ്വദേശി മാസും അഹമ്മദിനെ (20) പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ സമാനമായ മോഷണക്കേസിൽ പിടിയിലാകുന്ന രണ്ടാമത്തെ ആളാണ് സഫികൾ അലി.


