കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി. മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ബാവയുടെ സന്ദർശനം. സഭാ തർക്കത്തിൽ ഇരുവിഭാഗങ്ങളും അനുരഞ്ജനത്തിനും സമാധാനത്തിനും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബാവയെ സഭാ നേതൃത്വവും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. മലങ്കര സഭയുടെ ചരിത്രത്തിലെ പ്രധാന സംഭവമായ മുളന്തുരുത്തി സുനഹദോസിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ഈ മാസം 13-ന് പുത്തൻകുരിശിൽ പ്രത്യേക മൂറോൻ കൂദാശ നടക്കും. പാത്രിയാർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഇതിന് പിന്നാലെ വൈകിട്ട് യാക്കോബായ ക്രിസ്ത്യൻ അസോസിയേഷൻ സമ്മേളനവും സംഘടിപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
മധ്യേഷ്യയിൽ തീവ്ര ആശയങ്ങൾ കാരണം നിരവധി ആളുകൾ ദുരിതം അനുഭവിക്കുകയാണെന്നും ലോകസമാധാനത്തിനായി പ്രാർഥിക്കുന്നുവെന്നും ബാവ പറഞ്ഞു. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം ഈ മാസം 16-ന് ബാവ ലെബനനിലേക്ക് മടങ്ങും.


