കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 26കാരി സായയും സുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന സന്ദേശങ്ങൾ. കഴിഞ്ഞ സെപ്റ്റംബർ 24ന് ഇരുവരും നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘എന്താ പറ്റിയത് നിനക്ക്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നായിരുന്നു സായയുടെ മറുപടി. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ?’ എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ ‘എല്ലാവരും’ എന്നായിരുന്നു പ്രതികരണം. തുടർന്ന് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ എടുത്തില്ല. പിന്നീട് ഒരുതവണ മാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള സന്ദേശവും സുഹൃത്തിന് അയച്ചിരുന്നു.
അതേസമയം, സായയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് മാതാവ് റിഹാനി ഷാജിയുടെ ആരോപണം. ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും അവർ സംശയം പ്രകടിപ്പിച്ചു. സായയുടെ ലാപ്ടോപ്പും ഡയറിയും കാണാതായിട്ടുണ്ടെന്നും ഇവയിൽ നിർണായക തെളിവുകളുണ്ടായിരുന്നുവെന്നും മാതാവ് പറഞ്ഞു.
വീട്ടിലേക്ക് ഫോൺ വിളിക്കുന്നതുപോലും അഫ്സൽ വിലക്കിയിരുന്നുവെന്നും സായയ്ക്ക് അഫ്സലിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തി. അഫ്സലിന്റെ മറ്റൊരു മുഖത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം സമയമാകട്ടെ എന്നായിരുന്നു സായയുടെ മറുപടിയെന്നും അവർ പറഞ്ഞു. ഭർത്താവ് കാണുമെന്ന ഭയത്തിൽ സായ തങ്ങളുമായുള്ള സന്ദേശങ്ങൾ പലപ്പോഴും മായ്ച്ചുകളയാറുണ്ടായിരുന്നുവെന്നും മാതാവ് ആരോപിച്ചു.
ഹൃദയസംബന്ധമായ അസുഖമാണെന്ന് പറഞ്ഞാണ് സായയുടെ മരണവിവരം അറിയിച്ചതെന്നും വീട്ടിലെത്തുമ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നുവെന്നും മാതാവ് പറഞ്ഞു. മരണത്തിന് പിന്നാലെ നാല് മണിക്കൂറോളം കഴിഞ്ഞാണ് കുടുംബത്തെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണത്തിലും കുടുംബം ഗുരുതര വീഴ്ച ആരോപിക്കുന്നു.
സായ മരിച്ച് 11 ദിവസത്തിന് ശേഷമാണ് പൊലീസ് കുടുംബത്തിന്റെ മൊഴിയെടുത്തതെന്നും അതിനിടെ ഭർതൃവീട്ടുകാർ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും റിഹാനി ഷാജി ആരോപിച്ചു. തെളിവുകൾ കണ്ടെത്താത്തതിന് പിന്നിൽ സ്വാധീനമുണ്ടോയെന്നും കുടുംബം സംശയിക്കുന്നു. മകൾക്ക് നീതി ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഒക്ടോബർ 31നാണ് സായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


