തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടൻ പത്മശ്രീ മധുവിന്. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തി ഒന്ന് രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ശിൽപവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26-ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളിൽ നടക്കുന്ന ‘രാകേന്ദു കിരണങ്ങൾ’ എന്ന സ്മൃതി സായാഹ്നത്തിൽ പുരസ്‌കാരം സമ്മാനിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, സി.പി. ജോൺ തുടങ്ങിയവരും പങ്കെടുക്കും. സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അനുസ്മരണ സമ്മേളനത്തിന് ശേഷം ബിച്ചു തിരുമലയുടെ പ്രശസ്ത ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള നൃത്താവിഷ്കാരവും ഗാനാഞ്ജലിയും നടക്കും. റിഗാറ്റ ഗിരിജയുടെ നേതൃത്വത്തിലാണ് നൃത്താവിഷ്കാരം. മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ തുടങ്ങി നിരവധി ഗായകർ ഗാനാഞ്ജലിയിൽ പങ്കെടുക്കും.
മലയാള സിനിമയിൽ 400-ലധികം ചിത്രങ്ങൾക്കായി അയ്യായിരത്തിലധികം ഗാനങ്ങൾ രചിച്ച പ്രതിഭയാണ് ബിച്ചു തിരുമല. ‘അക്കൽദാമ’യായിരുന്നു അദ്ദേഹത്തിന്റെ ആദ്യമായി പുറത്തിറങ്ങിയ ചിത്രം. ‘നീലാകാശവും മേഘങ്ങളും’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധ നേടിയത്.
ഗാനരചനയ്ക്ക് പുറമെ സംഗീത സംവിധാനവും കഥ, തിരക്കഥ, കവിത, നാടകഗാനരചന തുടങ്ങിയ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ‘സത്യം’ എന്ന ചിത്രത്തിന് സംഗീതം നൽകിയ ബിച്ചു തിരുമല നിരവധി കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.


