കോഴിക്കോട്: കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്ത വിദ്യാർഥിനികളെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് സ്വദേശിനികളായ അസിന, അശ്വിനി കൃഷ്ണ ഉൾപ്പെടെയുള്ള വിദ്യാർഥിനികളെയാണ് യാത്രയ്ക്കിടെ മണ്ണാർക്കാട് ഇറക്കിവിട്ടത്. കഴിഞ്ഞ പത്താം തീയതി പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.
കോയമ്പത്തൂരിൽ അധ്യാപക പരിശീലന കോഴ്സ് പഠിക്കുന്ന അശ്വിനിയും അസിനയും തിരക്ക് കണക്കിലെടുത്ത് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കായി കാസർകോട് മുതലുള്ള സീറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇവർ ബസിൽ കയറിയത്. എന്നാൽ മണ്ണാർക്കാട് എത്തിയതോടെ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലേക്ക് സർവീസ് നടത്താൻ ബസിന് അന്തർസംസ്ഥാന പെർമിറ്റില്ലെന്നും മറ്റൊരു ബസിൽ യാത്ര തുടരണമെന്നുമാണ് ജീവനക്കാർ അറിയിച്ചതെന്ന് വിദ്യാർഥിനികൾ പറയുന്നു.
ഒൻപതാം തീയതിയാണ് കാസർകോട്–കോയമ്പത്തൂർ സൂപ്പർ ഡീലക്സ് എയർബസിൽ വിദ്യാർഥിനികൾ ടിക്കറ്റ് ബുക്ക് ചെയ്തത്. ബസിന് അന്തർസംസ്ഥാന പെർമിറ്റില്ലെന്ന കാര്യം കെഎസ്ആർടിസി അധികൃതർ ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചിരുന്നുവെന്നും മണ്ണാർക്കാട് എത്തുമ്പോഴേക്കും പെർമിറ്റ് ശരിയാകുമെന്നായിരുന്നു ഉറപ്പുനൽകിയിരുന്നതെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു. എന്നാൽ പെർമിറ്റ് ലഭിക്കാത്തതോടെ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾക്ക് ഒന്നും അറിയില്ലെന്നും മേലുദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് സീറ്റ് പോലുമില്ലാത്ത ഓർഡിനറി ബസിൽ കയറ്റിവിട്ടെന്നും വിദ്യാർഥിനികൾ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാനാണ് വിദ്യാർഥിനികളുടെ തീരുമാനം.



