ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ പരാമർശിക്കാത്തതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി. മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനാണ് ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. നരസിംഹ റാവുവിനെക്കുറിച്ച് പരാമർശിച്ചാൽ ചില വിഭാഗങ്ങൾക്ക് അതൃപ്തിയുണ്ടാകുമെന്ന് കരുതിയാകാം സോണിയ അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് ചവാൻ ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്തെക്കുറിച്ചോ പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചോ പുസ്തകത്തിൽ പരാമർശമില്ലെന്നാണ് വിമർശനം. സാമ്പത്തിക ഉദാരവത്കരണത്തിന് നേതൃത്വം നൽകിയ അന്നത്തെ ധനമന്ത്രി മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി പ്രശംസിക്കുന്നുണ്ട്. എന്നാൽ ഇതിന് നേതൃത്വം നൽകിയ നരസിംഹ റാവുവിനെ അവഗണിച്ചത് ശരിയല്ലെന്നാണ് വിമർശനം.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ കാരണമായിരിക്കാം റാവുവിനെ പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതെന്നും പൃഥ്വിരാജ് ചവാൻ അഭിപ്രായപ്പെട്ടു. നരസിംഹ റാവുവിന്റെ ചെറുമകനും തെലങ്കാനയിലെ ബിജെപി വക്താവുമായ എൻ.വി. സുഭാഷും വിഷയത്തിൽ അതൃപ്തി അറിയിച്ചു. ഗാന്ധി കുടുംബം റാവുവിനോട് എന്നും അവഗണനാപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
സോണിയ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ നരസിംഹ റാവുവിനെ കോൺഗ്രസിൽ നിന്ന് അകറ്റിനിർത്തിയെന്ന വിമർശനം നേരത്തെയും ഉയർന്നിരുന്നു. 2004ൽ റാവു അന്തരിച്ചപ്പോൾ എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് സൗകര്യമൊരുക്കാനോ ഡൽഹിയിൽ സംസ്കാരം നടത്താനോ പാർട്ടി താൽപര്യം കാണിച്ചില്ലെന്നും വിമർശനമുണ്ട്.
അതേസമയം, ഓർമ്മക്കുറിപ്പിൽ കേരളത്തിൽ നിന്നുള്ള എ.കെ. ആന്റണിയെ മാത്രം പ്രശംസിക്കുകയും കെ. കരുണാകരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സംഭാവനകൾ പരാമർശിക്കാതിരിക്കുകയും ചെയ്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.



