കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് ഷമീർ (24) ആണ് അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂൺ 10ന് യൂട്യൂബ് ചാനലിൽ നാല് മണിക്കൂറോളം നീണ്ട തത്സമയ പരിപാടിക്കിടെ മഞ്ചേരി സ്വദേശിനിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിലാണ് യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയായിരുന്നു മഞ്ചേരി പൊലീസിന്റെ നടപടി. കേസിൽ തൊപ്പിക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.


