സൂറിച്ച്: യുവേഫ നേഷൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾക്ക് കളമൊരുങ്ങുന്നു. ഫുട്ബോൾ ലോകത്തെ വമ്പൻ ശക്തികളായ ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, ബെൽജിയം തുടങ്ങിയ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇറ്റലി ഫ്രാൻസിനെയും ഇംഗ്ലണ്ട് ക്രൊയേഷ്യയെയും നേരിടുമ്പോൾ സ്പെയിനിന് ചെക്ക് റിപ്പബ്ലിക്കാണ് എതിരാളികൾ. ബെൽജിയം തുർക്കിയെയും നേരിടും. ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ സൂപ്പർ താരങ്ങളും പരിശീലകരും അണിനിരക്കുന്നതോടെ ആരാധകർ ആവേശത്തിലാണ്.
ഇറ്റലിയും ഫ്രാൻസും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ പ്രധാന ആകർഷണം. സ്വന്തം തട്ടകത്തിൽ ഫ്രാൻസിനെ വീഴ്ത്തി കരുത്ത് തെളിയിക്കാനാണ് ഇറ്റലിയുടെ ലക്ഷ്യം. കഴിഞ്ഞ മാസം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. അലസാന്ദ്രോ ബാസ്റ്റോണിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ പ്രതിരോധനിരയുടെ പ്രകടനം നിർണായകമാകും. പിയോ എസ്പോസിറ്റോയിലാണ് ഇറ്റലിയുടെ പ്രധാന ഗോൾപ്രതീക്ഷ.
കിലിയൻ എംബാപ്പെ പരിക്കിന്റെ പിടിയിലാണെങ്കിലും ഫ്രഞ്ച് നിരയ്ക്ക് കരുത്തുറ്റ താരങ്ങളുടെ പിന്തുണയുണ്ട്. മൈക്കൽ ഒലിസെ, ഡിസയർ ഡുവേ, മാർക്കസ് തുറാം തുടങ്ങിയവർ ഏത് നിമിഷവും ഗോളടിക്കാൻ ശേഷിയുള്ളവരാണ്. നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ഫ്രാൻസിന്റെ മധ്യനിരയും പ്രതിരോധവും മികച്ച ഫോമിലാണ്.
മറ്റൊരു പോരാട്ടത്തിൽ ലമീൻ യമാലിന്റെ സ്പെയിൻ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. അവസാന 43 മത്സരങ്ങളിൽ തോൽവി അറിയാത്ത സ്പാനിഷ് പടയെ പിടിച്ചുകെട്ടുക ചെക്ക് റിപ്പബ്ലിക്കിന് വലിയ വെല്ലുവിളിയാകും. പന്ത് കൈവശംവെച്ച് കളി നിയന്ത്രിക്കുന്ന സ്പാനിഷ് നിരയിൽ യമാലും മികേൽ മെറീനോയുമാണ് പ്രധാന താരങ്ങൾ.
ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിലേറ്റ കനത്ത തോൽവിക്ക് പകരം ചോദിക്കാനാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. കഴിഞ്ഞ മാസം സ്വന്തം കാണികൾക്ക് മുന്നിൽ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു ക്രൊയേഷ്യയുടെ തോൽവി. ഇത്തവണ ഇംഗ്ലണ്ടിന്റെ തട്ടകത്തിൽ വിജയം നേടുകയാണ് ലക്ഷ്യം. മത്സരത്തോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ക്യാപ്റ്റൻ ഹാരി കെയ്ന് സ്വന്തമാകുമെന്നതും ശ്രദ്ധേയമാണ്. ജൂഡ് ബെല്ലിങ്ങാമിനൊപ്പം സഹോദരൻ ജോബ് ബെല്ലിങ്ങാമും ആദ്യ ഇലവനിൽ ഇടംപിടിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം, ബെൽജിയവും തുർക്കിയും തമ്മിലുള്ള പോരാട്ടവും ആവേശകരമാകും. കഴിഞ്ഞ മാസം സ്വന്തം തട്ടകത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് മറുപടി നൽകാനാണ് ആർദ ഗുലറിന്റെ തുർക്കി ലക്ഷ്യമിടുന്നത്. കെവിൻ ഡിബ്രൂയ്നെയുടെ നേതൃത്വത്തിലുള്ള ബെൽജിയൻ നിരയും വിജയപ്രതീക്ഷയിലാണ്.
ബെൽജിയം-തുർക്കി മത്സരം രാത്രി 10.30ന് ആരംഭിക്കും. ഇറ്റലി-ഫ്രാൻസ്, ഇംഗ്ലണ്ട്-ക്രൊയേഷ്യ, സ്പെയിൻ-ചെക്ക് റിപ്പബ്ലിക് മത്സരങ്ങൾ രാത്രി 1.15നാണ് നടക്കുക.


