തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പനവൂർ മൂഴി കുലപ്പള്ളി വി.വി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന (55), ബന്ധുവായ ഹരികുമാർ (46) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം മൂന്ന് മണിയോടെ പോത്തൻകോട്-വെമ്പായം റോഡിലെ മേലെമുക്കിലായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ കാറിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരികുമാറിന്റെ ഭാര്യ ആശയാണ്. മക്കൾ ഹരിപ്രിയ, ആദിത്യൻ. ശോഭനയുടെ മക്കൾ വിഷ്ണുകുമാർ, ആർ.എസ്. വിപിൻ എന്നിവരാണ്.


