കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവസാനിച്ചെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പരിപാടിയിലേക്ക് ക്ഷണിച്ചെന്നും അദ്ദേഹത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചെന്നും സുകുമാരൻ നായർ പറഞ്ഞു.
ഇരുവരും തമ്മിൽ നടത്തിയ പരാമർശങ്ങൾ മറന്നതായും എല്ലാ കാര്യങ്ങളും സംസാരിച്ച് അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ ചില പരാമർശങ്ങൾ നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിശദീകരിച്ചു. അത് തങ്ങൾക്ക് ബോധ്യപ്പെട്ടെന്നും എന്നാൽ കാര്യങ്ങൾ ബോധ്യപ്പെടാൻ അൽപ്പം വൈകിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുമായി ഇനി സൗഹൃദത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹവും അതേ നിലപാട് സ്വീകരിക്കണമെന്നും സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസ് ആർക്കും അമിതമായി വിധേയപ്പെടുന്ന സംഘടനയല്ലെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് മുന്നിൽ പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്നതാണ് എൻഎസ്എസിന്റെ പ്രധാന ആവശ്യം. ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എൽപിഎസ്ടി സമരത്തിൽ ഉദ്യോഗാർഥികളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ നയപരമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നും സുകുമാരൻ നായർ വിമർശിച്ചു.


