ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഗണിച്ച് നിലവിലുള്ള ആർഎസി (RAC) സംവിധാനം ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയുടെ നീക്കം. രണ്ട് യാത്രക്കാർക്ക് ഒരു ബെർത്ത് പങ്കിട്ടുനൽകുന്ന നിലവിലെ രീതിക്കെതിരെ വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിഷ്കരണത്തിന് റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്.
നിലവിലെ ആർഎസി സംവിധാനത്തിൽ രണ്ട് യാത്രക്കാർക്കായി ഒരു സൈഡ് ലോവർ ബെർത്താണ് അനുവദിക്കുന്നത്. ഇതോടെ ഓരോ യാത്രക്കാരനും ഇരിക്കാനുള്ള സൗകര്യം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ ഇളവില്ല. മുഴുവൻ തുകയും നൽകേണ്ടിവരുന്ന യാത്രക്കാർക്ക് പൂർണമായ ബെർത്ത് ലഭിക്കാത്തത് വലിയ അസൗകര്യമാണ് സൃഷ്ടിക്കുന്നത്.
ആർഎസി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് ദീർഘദൂര യാത്രകളിൽ മതിയായ വിശ്രമം ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ പൂർണമായ ബെർത്ത് തന്നെ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
ആർഎസി സംവിധാനം തുടരാനാണ് തീരുമാനമെങ്കിൽ കുറഞ്ഞത് പകുതി നിരക്കെങ്കിലും ഈടാക്കണമെന്ന ആവശ്യവും യാത്രക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. പൂർണമായ ബെർത്ത് ലഭിക്കാതെ മുഴുവൻ നിരക്കും നൽകേണ്ടിവരുന്നത് നീതിയുക്തമല്ലെന്നാണ് യാത്രക്കാരുടെ വാദം.
യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും പരിഗണിച്ചാണ് ആർഎസി സംവിധാനം നിർത്തലാക്കുന്നതിനുള്ള സാധ്യത റെയിൽവേ മന്ത്രാലയം പരിശോധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സംവിധാനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമോ പരിഷ്കാരം നടപ്പാക്കുന്ന തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


