റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് ദുരിതത്തിലായ നാല് ഇന്ത്യൻ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. റിയാദിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് മടക്കയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിയത്. നാവികരുടെ സൈൻ ഓഫ് നടപടികൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതായും ഔദ്യോഗിക നടപടികൾ പൂർത്തിയായ ഉടൻ ഇവർ വിമാനമാർഗം ഇന്ത്യയിലേക്ക് മടങ്ങുമെന്നും എംബസി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ സൗദി അധികൃതർക്ക് എംബസി നന്ദി രേഖപ്പെടുത്തി. സുരക്ഷിതമായ യാത്രയും കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ ദിനങ്ങളും നാവികർക്ക് ആശംസിക്കുകയും ചെയ്തു. അതേസമയം, നാവികർ ജോലി ചെയ്തിരുന്ന കപ്പലിന്റെ പേരോ തൊഴിലുടമയെക്കുറിച്ചുള്ള വിവരങ്ങളോ തർക്കത്തിന്റെ കാരണമോ എംബസി വെളിപ്പെടുത്തിയിട്ടില്ല.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ നാവികർ സമാനമായ തൊഴിൽ പ്രതിസന്ധികൾ നേരിടുന്നതിനിടെയാണ് ആശ്വാസകരമായ ഈ വാർത്ത. കഴിഞ്ഞ ഒക്ടോബറിൽ സൗദിയിലെ യാൻബു വാണിജ്യ തുറമുഖത്ത് അടിയന്തര സഹായ സേവനങ്ങൾ നൽകുന്ന ‘ക്രോക്കഡൈൽ 001’ എന്ന ഡൈവിങ് സപ്പോർട്ട് കപ്പലിൽ 10 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർ കുടുങ്ങിയിരുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം നാലുമാസത്തെ ശമ്പളമാണ് ഇവർക്ക് കുടിശ്ശികയുണ്ടായിരുന്നത്.
എംബസിയുടെ ഇടപെടലിനെ തുടർന്ന് ഒക്ടോബർ എട്ടിലെ വിവരമനുസരിച്ച് ഇതിലൊരു നാവികനെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കുടിശ്ശിക തുക പൂർണമായി നൽകാതെയാണ് കപ്പൽ കമ്പനി ജീവനക്കാരെ ഒഴിവാക്കിയത്.
സൗദി അറേബ്യയിൽ തൊഴിൽപരമായ പരാതികളും തർക്കങ്ങളും നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി പിന്തുണ നൽകിവരുന്നുണ്ട്. സൗദി അധികൃതരുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളിലും എംബസി സജീവമായി ഇടപെടുന്നുണ്ട്.



