ന്യൂഡല്‍ഹി: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാര്‍ രാജ്യത്തെ വിമാന സര്‍വീസുകളെയും ബാധിച്ചു തുടങ്ങി. ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും രണ്ടെണ്ണം വൈകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സ്പൈസ് ജെറ്റിന്റെ തന്നെ ഡല്‍ഹിയില്‍ നിന്ന് ദര്‍ഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങള്‍ വൈകുകയും ചെയ്തു.
അതേസമയം, മൈക്രോസോഫ്റ്റ് തകരാര്‍ വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ ഇമെയിലുകള്‍ തടസമില്ലാതെ ലഭിക്കുന്നതിനായി ഇമെയില്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായി മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു.


