മലപ്പുറം: പഴയ കാറുകളുടെ വിൽപ്പനയുടെ മറവിൽ രാസലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. 101.57 ഗ്രാം എംഡിഎംഎയും ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 3.60 ലക്ഷം രൂപയുമായാണ് ദിൽരാജ് എന്ന ദിലു (38) അറസ്റ്റിലായത്. പറപ്പൂർ പുഴച്ചാൽ കല്ലക്കയം റോഡിലെ ചിറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മലപ്പുറം ഡാൻസാഫും വേങ്ങര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.
മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ദിൽരാജെന്ന് പൊലീസ് പറഞ്ഞു. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയുടെ മറവിലായിരുന്നു ലഹരിക്കച്ചവടം നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഒരാഴ്ച മുമ്പ് വള്ളുവമ്പ്രം ചീനിക്കലിൽ നിന്ന് ദിൽരാജിന്റെ അമ്മാവൻ മനോജിനെയും സംഘത്തെയും 357 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് ദിൽരാജിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക പരിശോധന നടത്തി ഇയാളെ പിടികൂടുകയായിരുന്നു.
ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ദിൽരാജ് നേരത്തെ വിദേശത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ലഹരിവിൽപ്പന ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മലപ്പുറം ഡിവൈഎസ്പി അനിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സുനിൽകുമാർ എന്നിവരുടെ നിർദേശപ്രകാരം വേങ്ങര എസ്എച്ച്ഒ മൻസൂറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


