ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ബുൾഡോസർ. സംസ്ഥാനത്ത് ‘ബുൾഡോസർ രാജ്’ ആണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, യുപിക്ക് സ്വന്തമായൊരു ബുൾഡോസർ ബ്രാൻഡ് രൂപപ്പെടുത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലെന്ന യോഗി സർക്കാരിന്റെ നിലപാടാണ് ബുൾഡോസറിനെ സംസ്ഥാനത്ത് ഇത്രയേറെ ചർച്ചയാക്കിയത്. എന്നാൽ, ബുൾഡോസർ ഉപയോഗിച്ചുള്ള നടപടികൾ തിരഞ്ഞെടുത്ത വ്യക്തികൾക്കെതിരെ മാത്രമാണെന്ന് പ്രതിപക്ഷം വിമർശിക്കുന്നു.
യുപിയിൽ മാത്രമല്ല, ചൈനയിലും ഇപ്പോൾ ബുൾഡോസർ വാർത്തകളിൽ ഇടംപിടിക്കുകയാണ്. സർക്കാർ ഗ്രാമവാസികൾക്ക് നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് ഒരു യുവാവ് ബുൾഡോസർ ഉപയോഗിച്ച് സർക്കാർ കെട്ടിടം തകർത്തതാണ് ചൈനയിൽനിന്നുള്ള വാർത്ത. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
സർക്കാർ കെട്ടിടം തകർത്തു
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെങ്‌ഡോങ് ന്യൂ സിറ്റി ഗവൺമെന്റ് സർവീസ് സെന്ററിലാണ് ബുൾഡോസർ ഉപയോഗിച്ച് ആക്രമണമുണ്ടായത്. നവംബർ ഒൻപതിനായിരുന്നു സംഭവം. കെട്ടിടത്തിന്റെ പ്രവേശനകവാടവും പുറംഭാഗങ്ങളും ഉൾപ്പെടെ സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഗ്രാമവാസികൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
47-കാരൻ അറസ്റ്റിൽ
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ മഞ്ഞനിറത്തിലുള്ള മണ്ണുമാന്തിയന്ത്രം കെട്ടിടത്തിന്റെ പ്രവേശനഭാഗത്തേക്ക് ഇടിച്ചുകയറുന്നതും പടികളും ബോർഡുകളും തകർക്കുന്നതും കാണാം. സംഭവത്തെത്തുടർന്ന് കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരെയും സന്ദർശകരെയും അടിയന്തരമായി ഒഴിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ആക്രമണത്തിൽ കെട്ടിടത്തിന്റെ കുറഞ്ഞത് ആറ് ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഹു എന്ന കുടുംബപ്പേരിൽ അറിയപ്പെടുന്ന 47-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കാർ കെട്ടിടം നശിപ്പിച്ചതിനാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
നഷ്ടപരിഹാര തർക്കമെന്ന് റിപ്പോർട്ടുകൾ
ആക്രമണത്തിന് പിന്നിലെ കാരണം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സർക്കാർ പൊളിച്ചുനീക്കിയ തന്റെ കന്നുകാലി ഫാമിന് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമവാസികൾക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പരാതിയാണ് ആക്രമണത്തിന് കാരണമെന്നും മറ്റു ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സർക്കാർ സേവനകേന്ദ്രം സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.


