കൊച്ചി: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. നോർത്ത് പറവൂർ വടക്കേക്കര കുഞ്ഞിത്തൈ പൊയ്യത്തുരുത്തി സ്വദേശി ആഷിക്ക് ജോൺസൺ (29) ആണ് വിയ്യൂർ സെൻട്രൽ ജയിലിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
വടക്കേക്കര, നോർത്ത് പറവൂർ, മാനന്തവാടി, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, കൂട്ടക്കവർച്ച, കവർച്ച, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. 2025ൽ തൊടുപുഴ കലയന്താനിയിൽ ബിജു ജോസഫ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയുമാണ്.
കഴിഞ്ഞ സെപ്റ്റംബർ 18ന് ഏഴിക്കര പെരുമ്പടന്നയിൽ യുവതി സഞ്ചരിച്ച സ്കൂട്ടർ ബൈക്കിലെത്തി തടഞ്ഞുനിർത്തി ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഡാഷ് ബോക്സിലുണ്ടായിരുന്ന 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഏകദേശം 11,000 രൂപയുള്ള ബാഗും കവർന്നെന്നാണ് കേസ്. സംഭവത്തിൽ നോർത്ത് പറവൂർ പൊലീസ് കേസെടുത്തിരുന്നു.
വടക്കേക്കര സ്റ്റേഷൻ ഹൗസ് ഓഫീസർ സി എസ് നെൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ഡി ഡിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ കെ പി പ്രവീൺ, ടി പി ലജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


