കാസർകോട്: കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഫൈസൽ പറയുന്ന കാര്യങ്ങളൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടുപോകുന്നയാളാണെന്ന് അദ്ദേഹം വിമർശിച്ചു. സുബ്ബയ്യ റായി നൽകിയ പരാതി ഗൗരവമുള്ളതാണെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കാൻ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുബ്ബയ്യ റായി സംശുദ്ധ രാഷ്ട്രീയ സംസ്കാരം പുലർത്തുന്ന വ്യക്തിയാണ്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയോ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്ന ആളല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
സാംസ്കാരിക നിലയം നിർമിക്കാതെ ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോയാൽ വലിയ വിവാദമുണ്ടാകുമെന്ന് നേരത്തെ തന്നെ കെപിസിസിയെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പി കെ ഫൈസൽ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും എംപി ആരോപിച്ചു.
കാസർകോട് ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്ക്ക് അന്തരിച്ച മുൻ എംപി രാമറായിയുടെ പേരിടാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് വിവാദം തുടങ്ങിയത്. കെപിസിസി സെക്രട്ടറിയും രാമറായിയുടെ മകനുമായ സുബ്ബയ്യ റായിയാണ് ഫൈസലിനെതിരെ പരാതി നൽകിയത്. സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ഫൈസൽ ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം, അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കാനാണ് ഇപ്പോൾ പിരിവ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, സുബ്ബയ്യ റായിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ നിലപാട്. രാമറായിയുടെ പേരിൽ കെട്ടിടം നിർമിക്കാമെന്ന് പറഞ്ഞ് സുബ്ബയ്യ റായിയെ ഫോണിൽ വിളിക്കുകയോ പണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കാനുള്ള തീരുമാനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലോചിച്ചെടുത്തതാണെന്നും ഫൈസൽ പറഞ്ഞു. ആരോപണങ്ങൾക്കെതിരെ കെപിസിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.


