തൃശ്ശൂർ: ഇ-20 പെട്രോൾ വിഷയത്തിൽ ഉയരുന്ന വിവാദങ്ങളെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ശാസ്ത്രത്തെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ ശക്തികൾ വിഷയം ദുരുപയോഗം ചെയ്യുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു.
രാജ്യത്ത് ഒരിടത്തും പെട്രോളിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്തുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലർ കന്നാസിൽ കൊണ്ടുപോയി പെട്രോളിൽ എഥനോൾ കലർത്തിയതാണോ എന്നറിയില്ലെന്നും അങ്ങനെയാണെങ്കിൽ സിബിഐ അന്വേഷണം വരുമെന്നും അദ്ദേഹം പരിഹസിച്ചു.
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ഇത്തരത്തിൽ ഒരു ഇൻഷുറൻസ് കമ്പനിയും ക്ലെയിം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


