റായ്പുർ: ഛത്തീസ്ഗഢിലെ മഹാസമുന്ദ് ജില്ലാ ജയിലിൽ നിന്ന് നാല് വിചാരണത്തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മയക്കുമരുന്ന് കേസുകളിൽ പ്രതികളായ മൂന്ന് പേരും മോഷണക്കേസ് പ്രതിയുമാണ് ജയിൽ ചാടിയത്. ജയിലിലെ അഞ്ചാം നമ്പർ ബാരക്കിൽ കഴിഞ്ഞിരുന്ന തടവുകാർ മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്ന് അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കുമാർ അറിയിച്ചു.
മോഷണക്കേസ് പ്രതിയായ പഞ്ചുറാം നിഷാദ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളായ രാജേന്ദ്ര രാജ് ചൗധരി, ധരംവീർ യോഗി, ലിലാധർ പാൽ എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് തടവുകാർ എങ്ങനെ മതിലിന് സമീപമെത്തിയെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. 2021 മേയിലും ഇതേ ജയിലിൽ നിന്ന് അഞ്ച് തടവുകാർ രക്ഷപ്പെട്ടിരുന്നു. ബലാത്സംഗക്കേസിൽ വിചാരണ നേരിട്ടിരുന്ന ഒരാളും അന്ന് രക്ഷപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.


