ആലപ്പുഴ: കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു. പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം.
കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ കാറും ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് രണ്ടായി പിളർന്നു. എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വേർപെട്ട് ഏകദേശം 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുവീണു. കാറിന്റെ മുൻഭാഗവും പൂർണമായും തകർന്നു. കാറിന്റെ ചില്ലുകൾ തെറിച്ച് ഡ്രൈവർക്കും നിസാര പരിക്കേറ്റു.
ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു ഖലീൽ. അപകടത്തിൽ മരിച്ച ഖലീലിന്റെ മൃതദേഹം കായംകുളം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ് ഖലീൽ. ഭാര്യ ജസീറ. മക്കൾ ബിലാൽ, ഹബീൽ. മൃതദേഹം നാളെ രാവിലെ 11ന് പടിഞ്ഞാറെമുട്ടം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.


