ലഖ്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പ്രചാരണ മുദ്രാവാക്യവും നാല് ഇന കർമപദ്ധതിയുമായി ബിജെപി. മഥുരയിൽ നടന്ന ദ്വിദിന ചിന്തൻ ശിബിരത്തിലാണ് ‘രാധേ രാധേ, കമൽ ഖിലാ ദേ’ (രാധേ രാധേ, താമര വിരിയിക്കൂ) എന്ന പുതിയ മുദ്രാവാക്യം പാർട്ടി അവതരിപ്പിച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി വിഷയം, ബൂത്തുതല യുവജന പങ്കാളിത്തം, മികച്ച ഭരണം, വനിതാ ശാക്തീകരണം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് പുതിയ കർമപദ്ധതി.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്ര വിഷയത്തിൽനിന്ന് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയത്തിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറ്റുന്നതിന്റെ സൂചനകളും ചിന്തൻ ശിബിരത്തിലുണ്ടായി. യോഗത്തിനുശേഷം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നടത്തിയ പരാമർശം ഇതിന് കൂടുതൽ പ്രാധാന്യം നൽകി. അയോധ്യ എന്ന ലക്ഷ്യം കൈവരിച്ചു, ഇനി മഥുരയുടെ ഊഴമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീകൃഷ്ണനോട് യഥാർഥ ഭക്തിയുണ്ടെങ്കിൽ മഥുരയിലെത്തി കാർസേവകനായി മഹാക്ഷേത്ര നിർമാണത്തെ പിന്തുണയ്ക്കാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും മൗര്യ വെല്ലുവിളിച്ചു.
സമാജ്‌വാദി പാർട്ടിയുടെ പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ (PDA) എന്നിവരെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രമായാണ് ബിജെപിയുടെ പുതിയ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മഥുര-വൃന്ദാവൻ മേഖലയിൽ സാംസ്കാരിക വിഷയങ്ങൾക്കൊപ്പം വികസന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി പാർട്ടിയുടെ സാമൂഹിക അടിത്തറ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ദുർബലമായ ബൂത്തുകൾ കണ്ടെത്തുക, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുക, സഖ്യകക്ഷികളുമായുള്ള ഏകോപനം ശക്തമാക്കുക, യുവാക്കളെയും പുതുമുഖങ്ങളെയും സ്ഥാനാർഥികളായി പരിഗണിക്കുക തുടങ്ങിയവയും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്. ഭരണവിരുദ്ധ വികാരം മറികടക്കുന്നതിനും ബൂത്തുതല പ്രവർത്തനം ശക്തമാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
സമാപന സമ്മേളനത്തിൽ സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ബൂത്തുതല പ്രവർത്തനങ്ങൾ ശക്തമാക്കാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ എല്ലാ കുടുംബങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കാനും പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇരട്ട എൻജിൻ സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടർച്ചയായ മൂന്നാം തവണയും നിയമസഭാ വിജയം നേടാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലുള്ള സർക്കാരുകളുടെ നേട്ടങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ജനങ്ങൾക്കിടയിലെ ബിജെപിയുടെ സ്വീകാര്യതയാണ് പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ മുദ്രാവാക്യത്തോടെയാണ് ചൊവ്വാഴ്ച രാവിലെ യോഗത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരി വ്യക്തമാക്കി. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ്, ആസാദ് സമാജ് പാർട്ടി, എഐഎംഐഎം എന്നീ പാർട്ടികൾക്ക് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് സാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് 2.5 കോടിയിലധികം അംഗങ്ങളും രണ്ട് ലക്ഷത്തിലധികം സജീവ പ്രവർത്തകരുമുള്ള ബിജെപി 2027ൽ വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായ മൂന്നാം വിജയം നേടുമെന്നും പങ്കജ് ചൗധരി അവകാശപ്പെട്ടു.
മഥുരയിലെ പാർഖം ഗ്രാമത്തിലുള്ള പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ഗോ ഗവേഷണ കേന്ദ്രത്തിലായിരുന്നു ദ്വിദിന ചിന്തൻ ശിബിരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷ്, ഉത്തർപ്രദേശിന്റെ ചുമതലയുള്ള വിനോദ് താവ്ഡെ തുടങ്ങി 54 മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. അവസാനദിവസം ദേശീയ അധ്യക്ഷൻ നിതിൻ നബീനും ചർച്ചകളിൽ പങ്കുചേർന്നു.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയത്തിനും പ്രചാരണത്തിൽ പ്രധാന സ്ഥാനം നൽകാനാണ് ബിജെപിയുടെ നീക്കമെന്നാണ് ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ നൽകുന്ന സൂചന.


