ഫൈനൽ പോരാട്ടത്തിൽ പാകിസ്താനെ 2-1ന് പരാജയപ്പെടുത്തി ഇന്ത്യ പത്താം സാഫ് കിരീടം സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം പകുതിയിൽ പാകിസ്താൻ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായത് മത്സരത്തിന്റെ ഗതി മാറ്റി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പാകിസ്താനായിരുന്നു കൂടുതൽ ആധിപത്യം. ശാരീരികക്ഷമതയിലും സാങ്കേതിക മികവിലും മുന്നിട്ടുനിന്ന പാക് താരങ്ങൾ ഇന്ത്യൻ പ്രതിരോധത്തിന് നിരന്തരം വെല്ലുവിളി ഉയർത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പാകിസ്താൻ ലീഡ് നേടിയത്. ജുനൈദ് ഷായുടെ വലതുവിങ്ങിൽ നിന്നുള്ള ക്രോസ് ഇന്ത്യൻ താരത്തിൽ തട്ടി ലഭിച്ചപ്പോൾ അലംകീർ ഗാസി പന്ത് നിയന്ത്രിച്ച് ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ഇന്ത്യ ആക്രമണം ശക്തമാക്കി. പകരക്കാരനായി ഇറങ്ങിയ മക്കാർട്ടൺ നിക്സൺ ഇന്ത്യൻ മുന്നേറ്റങ്ങളിൽ നിർണായക പങ്കുവഹിച്ചു. പി.വി. വിഷ്ണുവിന് ലഭിച്ച അവസരങ്ങളിലൂടെ ഇന്ത്യ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും പാകിസ്താൻ ഗോൾകീപ്പർ യൂസഫ് ഭട്ട് മികച്ച പ്രകടനം നടത്തി.
61-ാം മിനിറ്റിൽ മത്സരത്തിലെ നിർണായക വഴിത്തിരിവുണ്ടായി. ബ്രിസൺ ഫെർണാണ്ടസിനെതിരെ ജുനൈദ് ഷാ നടത്തിയ അപകടകരമായ ടാക്കിളിനെത്തുടർന്ന് റഫറി ആദ്യം ഫ്രീകിക്ക് അനുവദിച്ചു. എന്നാൽ വിഎആർ പരിശോധനയ്ക്ക് ശേഷം ജുനൈദിന് ചുവപ്പുകാർഡ് നൽകുകയായിരുന്നു. ഇതോടെ പാകിസ്താൻ പത്ത് പേരായി ചുരുങ്ങി.
ചുവപ്പുകാർഡിന് പിന്നാലെ ലഭിച്ച അവസരം ഇന്ത്യ കൃത്യമായി മുതലെടുത്തു. വലതുവശത്തുനിന്നുള്ള ലുങ്ഡിമിന്റെ ക്രോസിനൊടുവിൽ സുഹൈൽ അഹമ്മദ് ഭട്ട് പന്ത് വലയിലെത്തിച്ച് ഇന്ത്യയെ സമനിലയിലെത്തിച്ചു. ടൂർണമെന്റിലെ സുഹൈലിന്റെ നാലാം ഗോളായിരുന്നു ഇത്.
തുടർന്ന് മത്സരത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു. വിജയഗോളിനായുള്ള ഇന്ത്യൻ ശ്രമങ്ങൾക്കൊടുവിൽ 88-ാം മിനിറ്റിൽ നിർണായക ഗോൾ പിറന്നു. അബ്ദുൾ റബീഹിന്റെ കോർണർ കിക്കിൽ സന്ദീപ് മണ്ടി ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. പോസ്റ്റിൽ തട്ടി അകത്തേക്ക് കയറിയ പന്ത് ഇന്ത്യയുടെ കിരീടപ്രതീക്ഷകൾക്ക് ചിറകേകി.
അവസാന മിനിറ്റുകളിൽ പാകിസ്താന്റെ തിരിച്ചുവരവ് ശ്രമങ്ങളെ പ്രതിരോധിച്ച ഇന്ത്യ ഫൈനൽ വിസിലോടെ ചരിത്രനേട്ടം ആഘോഷിച്ചു. 2-1ന്റെ വിജയത്തോടെ പത്താം സാഫ് കിരീടം സ്വന്തമാക്കിയ ഇന്ത്യ ഫൈനലിൽ വീണ്ടും തങ്ങളുടെ ആധിപത്യം തെളിയിച്ചു.


