കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു. മസ്ജിദിനുള്ളിൽ ഒളിച്ചിരുന്ന ഭീകരനെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കശ്മീർ താഴ്‌വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനായി സുരക്ഷാ ഏജൻസികൾ കണക്കാക്കിയിരുന്ന ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഏറ്റുമുട്ടൽ രൂക്ഷമായതോടെ വീഡിയോ കോളിലൂടെ ലത്തീഫ് ഭട്ടിനോട് കീഴടങ്ങാൻ സുരക്ഷാസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ കീഴടങ്ങാൻ ഇയാൾ തയ്യാറായില്ല. തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ സന്തോഷവാനാണെന്നും മറുപടി നൽകിയ ഭട്ട് മസ്ജിദിനുള്ളിൽനിന്ന് സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
നവംബർ 11-ന് സി.ആർ.പി.എഫ്. ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് ലത്തീഫ് ഭട്ടാണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അന്നത്തെ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് മുന്നോടിയായി ഇയാൾ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ പങ്കാളിയായ ഇയാളുടെ കൂട്ടാളി ഉമർ നിസാർ ദാർ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ആറുമാസമായി ഉമർ നിസാർ ദാറാണ് ലത്തീഫ് ഭട്ടിന് ഒളിത്താവളവും മറ്റ് സഹായങ്ങളും നൽകിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജൂലൈ 22-ന് അനന്ത്നാഗിൽ പൊലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പ്രദേശത്ത് സുരക്ഷാസേനയുടെ വ്യാപക തിരച്ചിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


