തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബലിൽനിന്നുള്ള വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് കെഎസ്ഇബി ഇന്ന് മറുപടി നൽകും. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. അന്ന് യൂണിറ്റിന് നാല് രൂപ നിരക്കിൽ കാറ്റിൽനിന്നുള്ള വൈദ്യുതി ലഭ്യമായിരുന്നില്ലെന്നും ബോർഡ് കമ്മീഷനെ അറിയിക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമാനമായ സാഹചര്യങ്ങളിൽ ഉഭയകക്ഷി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടും.
കരാറുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ഹർജിയിൽ 15-ലധികം ചോദ്യങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ചിരുന്നത്. ടെൻഡർ നടപടികൾ പാലിക്കാതെയും മുൻകൂർ അനുമതി വാങ്ങാതെയും വിഇഎച്ചിൽനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിന്റെ സാഹചര്യം വിശദീകരിക്കണമെന്നാണ് കമ്മീഷന്റെ പ്രധാന നിർദേശം.
എൽനിനോ പ്രതിഭാസം ഉൾപ്പെടെയുള്ള കാരണങ്ങളാൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമുണ്ടായിരുന്നുവെന്നാണ് കെഎസ്ഇബിയുടെ വാദം. ഒക്ടോബറിൽ വൈദ്യുതി നിയന്ത്രണത്തിലേക്ക് കടക്കേണ്ടിവരുമെന്ന സാഹചര്യം മുൻനിർത്തിയാണ് അടിയന്തരമായി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്. സർക്കാർ നിർദേശപ്രകാരമാണ് യൂണിറ്റിന് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചതെന്നും ബോർഡ് വ്യക്തമാക്കുന്നു.
സാധാരണ നിലയിൽ നാല് രൂപയ്ക്കും ആറ് രൂപയ്ക്കും കാറ്റിൽനിന്നുള്ള വൈദ്യുതി ലഭ്യമാകുമ്പോൾ എന്തിനാണ് 11 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയതെന്നായിരുന്നു കമ്മീഷന്റെ ചോദ്യം. എന്നാൽ കരാർ പരിഗണിച്ച സമയത്ത് കുറഞ്ഞ നിരക്കിൽ കാറ്റിൽനിന്നുള്ള വൈദ്യുതി ലഭ്യമായിരുന്നില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
സാധാരണയായി ഉഭയകക്ഷി കരാറുകളിൽ ഏർപ്പെടാത്ത കെഎസ്ഇബി ഇത്തവണ അത്തരമൊരു കരാറിലേക്ക് കടന്നതിന്റെ കാരണവും കമ്മീഷൻ ചോദിച്ചിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സമാനമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ഇതിന് കെഎസ്ഇബി നൽകുന്ന മറുപടി.
ഒക്ടോബറിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും സെപ്റ്റംബർ 22-ന് കരാറിൽ ഒപ്പിടുന്നതിന് മുമ്പ് റെഗുലേറ്ററി കമ്മീഷനെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കമ്മീഷൻ ചോദിച്ചിട്ടുണ്ട്. സർക്കാർ തീരുമാനമെടുത്ത് 15 ദിവസത്തിനുള്ളിൽ കമ്മീഷനെ അറിയിച്ചാൽ മതിയെന്നും ഇക്കാര്യത്തിൽ വാക്കാൽ വിവരം നൽകിയിരുന്നുവെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.
എന്നാൽ ഇതുസംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. വിഷയം വാക്കാൽ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക ഹർജി സമർപ്പിക്കുന്നതിൽ ഒന്നര മാസത്തോളം കാലതാമസമുണ്ടായെന്ന് കെഎസ്ഇബി സമ്മതിക്കുന്നുണ്ട്.


