ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ രോഗബാധിതമായ വളർത്തുപക്ഷികളെ ഇന്ന് മുതൽ കൊന്നൊടുക്കും. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി 26,000ത്തിലധികം വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.
ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ ഉൾപ്പെടെ 36 തദ്ദേശസ്ഥാപനങ്ങളിലാണ് നടപടി. ഇതിൽ നാല് പഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് H5N1 വൈറസ് ബാധ കണ്ടെത്തിയത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുടെ നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിൽപ്പനയ്ക്കും കടത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കഫത്തിൽ രക്തം കാണപ്പെടുന്നതും ഗുരുതരമായ ശ്വാസകോശ അണുബാധകളും അപകടസൂചനകളാണ്.
ക്രിസ്മസ് അടുത്തിരിക്കെ പക്ഷിപ്പനി സ്ഥിരീകരിച്ചത് താറാവ്, കോഴി കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ തവണ പക്ഷികളെ കൊന്നൊടുക്കിയതിന്റെ നഷ്ടപരിഹാര തുക പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി.


