മലപ്പുറം: വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം സ്വദേശി കിഴക്കേക്കോട്ടായി പാലക്കാട്ടു വീട്ടിൽ സൈനുദ്ദീൻ (43) ആണ് പിടിയിലായത്.
മഞ്ചേരി നഗരത്തിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. ഒരു പ്രദേശത്ത് മോഷണം നടത്തിയ ശേഷം മറ്റൊരു ജില്ലയിലേക്ക് കടന്ന് അവിടെ ആഡംബര ജീവിതം നയിക്കുകയായിരുന്നു പതിവ്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഇയാൾ ആഡംബര ജീവിതം നയിച്ചിരുന്നത്. പൊലീസ് അന്വേഷണം ശക്തമാകുമ്പോൾ താമസസ്ഥലം മാറുന്നതും പതിവായിരുന്നു.
മഞ്ചേരിയിലെ കരുവമ്പ്രം, നറുകര മേഖലകളിൽ അടുത്തിടെ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതും സമാന മോഷണക്കേസുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതും അന്വേഷണത്തിൽ സഹായകമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൈനുദ്ദീനെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മറ്റ് ജില്ലകളിലെ മോഷണക്കേസുകളുമായുള്ള ഇയാളുടെ ബന്ധവും പൊലീസ് പരിശോധിച്ചുവരികയാണ്. മഞ്ചേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ എസ്.ഐ ശിശിര ശശികുമാറും ഉബൈദുല്ല, സാലിം, ധനേഷ്, ബിജു, മുജീബ് എന്നിവരും സൈബർ വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


