തിരുവനന്തപുരം: വിദ്യാർഥികളുടെ സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി സർക്കാരിന്റെ പരിഗണനയിൽ രണ്ട് വിദഗ്ധ റിപ്പോർട്ടുകൾ. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ പഠനറിപ്പോർട്ടും ബാലാവകാശ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടുമാണ് പരിഷ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. വിഷയം ചർച്ച ചെയ്യുന്നതിനായി അടുത്തയാഴ്ച ഉന്നതതല യോഗം ചേരും.
ദേശീയ മാനദണ്ഡങ്ങളും എൻ.സി.ഇ.ആർ.ടി.യുടെ സ്കൂൾബാഗ് നയവും അടിസ്ഥാനമാക്കിയാകും മാറ്റങ്ങൾ നടപ്പാക്കുക. ടൈംടേബിൾ പുനഃക്രമീകരിക്കുകയെന്നതാണ് രണ്ട് റിപ്പോർട്ടുകളിലെയും പ്രധാന നിർദേശം. എൽ.പി. വിഭാഗത്തിൽ നാല് വിഷയങ്ങളും യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ പത്ത് വിഷയങ്ങളും ഹയർസെക്കൻഡറിയിൽ ആറ് വിഷയങ്ങളുമാണ് പഠിക്കാനുള്ളത്.
നിലവിൽ ഒരു ദിവസം എട്ട് പീരിയഡുകളിലായി ഏഴോ എട്ടോ വിഷയങ്ങൾ പഠിപ്പിക്കുന്ന രീതിയാണുള്ളത്. പകരം ഒരു ദിവസം മൂന്ന്, നാല് വിഷയങ്ങൾ മാത്രം പഠിപ്പിക്കുന്ന രീതിയിൽ ടൈംടേബിൾ ക്രമീകരിച്ചാൽ സ്കൂളിലേക്ക് കൊണ്ടുപോകേണ്ട പുസ്തകങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാനാകും. ഇതിനായി ബാലാവകാശ കമ്മിഷൻ മാതൃകാ ടൈംടേബിൾ തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ അധിക സാമ്പത്തികബാധ്യതയും ഉണ്ടാകില്ല.
നിലവിൽ ഉപയോഗിക്കുന്ന 200 പേജുള്ള നോട്ട്ബുക്കുകൾക്ക് പകരം 120 പേജുള്ളവ ഉപയോഗിക്കണമെന്നാണ് ബാലാവകാശ കമ്മിഷന്റെ ശുപാർശ. വിവിധ വിഷയങ്ങൾക്കായി പ്രത്യേകം നോട്ട്ബുക്കുകൾ ഉപയോഗിക്കുന്നതിന് പകരം സംയോജിത നോട്ട്ബുക്കുകൾ കൊണ്ടുവരാമെന്നാണ് എസ്.സി.ഇ.ആർ.ടി.യുടെ നിർദേശം.
ക്ലാസ് മുറികളിലെ പഠനത്തിന് പാഠപുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകൾ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. എന്നാൽ ഇതിനായി വിദ്യാർഥികൾക്ക് ടാബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടിവരും.
മാസാടിസ്ഥാനത്തിലുള്ള പാഠങ്ങൾ ഉൾപ്പെടുത്തി പുസ്തകങ്ങൾ അച്ചടിക്കുക, പരീക്ഷാക്കാലം കണക്കിലെടുത്ത് പുസ്തകങ്ങൾ പുറത്തിറക്കുക, കടലാസിന്റെ കനം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പരിഗണനയിലുള്ള മറ്റ് നിർദേശങ്ങൾ:
- ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പുസ്തകങ്ങൾ സൂക്ഷിക്കാൻ വ്യക്തിഗത ലോക്കർ സംവിധാനം.
- വിദ്യാർഥികൾക്കിടയിൽ പാഠപുസ്തകങ്ങൾ പങ്കുവെക്കാനുള്ള സൗകര്യം.
- കുറിപ്പുകൾ എഴുതാൻ പേപ്പറും ഫയലിങ് സംവിധാനവും.
- ഹോംവർക്കുകൾക്കായി പ്രത്യേക വർക്ക് ഷീറ്റുകൾ.
- സാധ്യമായ വിഷയങ്ങളിൽ ഇ-ബുക്കുകൾ ഉപയോഗിക്കുക.


