സിഡ്‌നി: 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് മുൻ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സംഭവത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന് പുറത്തുകൊണ്ടുവരാൻ അന്ന് സാക്ഷികളായിരുന്നവർ മുന്നോട്ടുവന്ന് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദത്തിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ രൂപീകരിക്കുന്ന പുതിയ സ്വകാര്യ ഫോറം എത്രത്തോളം സത്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന കാര്യത്തിലും വാർണർ സംശയം പ്രകടിപ്പിച്ചു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കാളിയായതിനെത്തുടർന്ന് 12 മാസത്തെ വിലക്ക് നേരിട്ട താരമാണ് വാർണർ. മുൻ സഹതാരം ഉസ്മാൻ ഖവാജ തന്റെ പുസ്തകത്തിൽ പങ്കുവെച്ച അനുഭവക്കുറിപ്പുകളെയും അദ്ദേഹം പിന്തുണച്ചു.
അന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ മുന്നോട്ടുവന്ന് കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് ആവശ്യമെന്ന് വാർണർ പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയയും മുൻ ജീവനക്കാരും തമ്മിൽ രഹസ്യമായി എന്താണ് ചർച്ച ചെയ്തതെന്ന് പൊതുസമൂഹത്തിന് അറിയില്ലെന്നും അതും അന്വേഷണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
2018ലെ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും ടീം സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ ടോഡ് ഗ്രീൻബെർഗും ബോർഡ് അംഗം ഡേവിഡ് ബൂണും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാർണറുടെ പ്രതികരണം.
ആദ്യ അന്വേഷണത്തിന്റെ ഭാഗമാകാൻ കഴിയാതിരുന്നവർക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാതിരുന്നവർക്കും വേണ്ടിയാണ് പുതിയ ഫോറമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം. എന്നാൽ ഇത് പുതിയ അന്വേഷണമല്ലെന്നും പഴയ കണ്ടെത്തലുകൾ പുനഃപരിശോധിക്കാനോ കൂടുതൽ ശിക്ഷാനടപടികൾ സ്വീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ടോഡ് ഗ്രീൻബെർഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയൻ ക്രിക്കറ്റിനെ വർഷങ്ങളായി വേട്ടയാടുന്ന വിവാദത്തിന് പരിഹാരം കാണാനുള്ള ശ്രമമായാണ് ഫോറത്തെ ഡേവിഡ് ബൂൺ വിശേഷിപ്പിച്ചത്. എന്നാൽ സ്വകാര്യവും സുരക്ഷിതവുമായ വേദിയിൽ മാത്രം ചർച്ചകൾ ഒതുങ്ങരുതെന്നും പൊതുജനങ്ങൾക്ക് മുന്നിൽ സത്യം വെളിപ്പെടണമെന്നുമാണ് വാർണറുടെ നിലപാട്.
2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ കേപ്ടൗണിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദം ഉണ്ടായത്. കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിക്കുന്നത് ടെലിവിഷൻ ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ഇരുവർക്കും 12 മാസത്തെ വിലക്കും ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തി.
വർഷങ്ങൾ പിന്നിട്ടിട്ടും ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ചർച്ചയാകുന്ന വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.


