സിഡ്‌നി: സാൻഡ്‌പേപ്പർഗേറ്റ് വിവാദം വീണ്ടും സജീവമായതോടെ മുൻ ഓസ്ട്രേലിയൻ താരങ്ങളായ ഉസ്മാൻ ഖവാജയ്ക്കും ഡേവിഡ് വാർണർക്കും തിരിച്ചടി. വിവാദം അവസാനിക്കുന്നതുവരെ ഇരുവരെയും ഫോക്സ് ക്രിക്കറ്റിന്റെ കമന്ററി ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ ഫോക്സ് സ്പോർട്സ് തീരുമാനിച്ചു. വിവാദം തുടർച്ചയായി ചർച്ചയാകുന്ന സാഹചര്യത്തിൽ കമന്ററിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇരുവർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.
നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അടുത്ത ഏതാനും ആഴ്ചകളിലേക്ക് ഇരുവരെയും സംപ്രേക്ഷണത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഫോക്സ് സ്പോർട്സ് മാനേജിംഗ് ഡയറക്ടർ സ്റ്റീവ് ക്രോളി വ്യക്തമാക്കി. വിവാദം ചർച്ചയായി തുടരുന്നതിനിടെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക പ്രയാസകരമാണെന്നും അത്തരമൊരു സാഹചര്യത്തിൽ കമന്റേറ്റർമാരെ നിർത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഉസ്മാൻ ഖവാജയുടെ ആത്മകഥയായ ‘സബർ’ പുറത്തുവന്നതോടെയാണ് സാൻഡ്‌പേപ്പർഗേറ്റ് വിവാദം വീണ്ടും ചർച്ചയായത്. 2018ലെ പന്ത് ചുരണ്ടൽ വിവാദത്തെക്കുറിച്ച് പുസ്തകത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കാമറൂൺ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്കപ്പുറം ടീമിലെ മറ്റ് താരങ്ങൾക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് ഖവാജയുടെ പുസ്തകത്തിലെ പരാമർശം.
എന്നാൽ, പന്ത് ചുരണ്ടൽ നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന വാദം ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് തള്ളിക്കളഞ്ഞു. അത്തരമൊരു ആരോപണം തികച്ചും വിഡ്ഢിത്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് പിന്നാലെ മുൻ ഓസ്ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റും രംഗത്തെത്തി. പന്തിന്റെ അവസ്ഥയെക്കുറിച്ച് ബൗളർമാർക്കിടയിൽ ചർച്ച നടന്നിരുന്നുവെന്നും കമ്മിൻസ് ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നുമാണ് ബാൻക്രോഫ്റ്റിന്റെ ആരോപണം. കമ്മിൻസിന്റെ വാർത്താസമ്മേളനമാണ് സംഭവത്തിൽ നിശബ്ദത വെടിയാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വെളിപ്പെടുത്തലുകളും പരസ്പര ആരോപണങ്ങളും സാൻഡ്‌പേപ്പർഗേറ്റ് വിവാദത്തെ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.



