കാസർകോട്: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെച്ചൊല്ലി കാസർകോട് യൂത്ത് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. സി.പി.എം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അംഗമായ അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചതാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞ് മറ്റുള്ളവർക്ക് പദവികൾ നൽകുകയാണെന്ന രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഉനൈസ് രംഗത്തെത്തി. കോൺഗ്രസ് ജില്ലാ കമ്മിറ്റി നൽകിയ പട്ടിക പൂർണമായും തള്ളിയാണ് നിയമനം നടത്തിയതെന്നാണ് പ്രധാന ആരോപണം.
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അംഗമായ വിദ്യാധരൻ നമ്പ്യാരെയാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി വിവിധ കേസുകൾ കോടതിയിൽ വാദിച്ചിരുന്ന അഭിഭാഷകൻ ശ്രീജിത്ത് മാളവനയ്ക്ക് പദവി ലഭിക്കുമെന്നായിരുന്നു പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷകൾക്ക് വിരുദ്ധമായി വിദ്യാധരൻ നമ്പ്യാരുടെ നിയമന ഉത്തരവ് പുറത്തുവന്നു. പുതിയതായി നിയമിക്കപ്പെട്ട വ്യക്തിയുടെ ലോയേഴ്‌സ് യൂണിയൻ അംഗത്വത്തിന്റെ തെളിവുകളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിക്കുന്നത്.
പാർട്ടി കാര്യങ്ങളിൽ യൂത്ത് കോൺഗ്രസിന് ധൈര്യമായി വിമർശനം ഉന്നയിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജാഥയുടെ സമാപന സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഉനൈസ് ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. വ്യക്തിപരമായ താൽപര്യങ്ങളാണ് പാർട്ടിയിൽ നടപ്പാകുന്നതെന്നും കോൺഗ്രസ് ഏതെങ്കിലും വ്യക്തികളുടെ സ്വകാര്യ സ്വത്തല്ലെന്നും ഇവർ വിമർശിച്ചു.
പാർട്ടിക്കുവേണ്ടി രാവും പകലും അധ്വാനിച്ചവർ അധികാരം ലഭിച്ചപ്പോൾ പുറത്താകുകയും പ്രവർത്തനങ്ങളിൽ പങ്കാളികളാകാത്തവർ പദവികളിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താനും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും തമ്മിലുള്ള തർക്കങ്ങൾ വി.ഡി. സതീശൻ നേരിട്ടെത്തി ഭാഗികമായി പരിഹരിച്ച് മടങ്ങിയതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്.
നേരത്തെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട നിയമനത്തിലും സമാനമായ തർക്കം ഉയർന്നിരുന്നു. പാർട്ടിയിൽ കഴിവുള്ള അഭിഭാഷകർ ഇല്ലാത്തതുകൊണ്ടാണോ പുറത്തുനിന്നുള്ളവരെ ഇത്തരം പദവികളിലേക്ക് പരിഗണിക്കുന്നതെന്ന ചോദ്യവും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിന് മുന്നിൽ ഉയർത്തുന്നുണ്ട്.


