ജയ്പൂർ: പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന തെരുവുവിളക്കുകൾ കൂട്ടത്തോടെ നീക്കിയതായി പരാതി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പീപ്ലു പഞ്ചായത്ത് സമിതിയിലെ വിവിധ ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്ന എൽഇഡി വിളക്കുകളാണ് ഊരിമാറ്റിയത്.
നിവായ് എംഎൽഎ റാം സഹായ് വർമയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അലോക് ശർമയുടെ ഭാര്യയും ബിജെപി സ്ഥാനാർഥിയുമായ പ്രിയങ്ക ശർമയാണ് നാലാം വാർഡിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടത്. ഈ വാർഡിന് കീഴിലുള്ള കുംഹാരോൻ കി ധാനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര എന്നീ ഗ്രാമങ്ങളിലായി 50ഓളം എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു.
അലോക് ശർമയുടെ നിർദേശപ്രകാരമാണ് വിളക്കുകൾ സ്ഥാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഭാര്യയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് വിളക്കുകൾ നീക്കം ചെയ്തതെന്നും ഇത് ഗ്രാമവാസികളോടുള്ള പ്രതികാര നടപടിയാണെന്നും നാട്ടുകാർ ആരോപിച്ചു. പത്തോളം വൈദ്യുതി തൂണുകളിൽ നിന്ന് വിളക്കുകൾ നീക്കം ചെയ്തതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി.
എന്നാൽ വൈദ്യുതി തൂണുകളിൽ അനധികൃതമായി കണക്ഷൻ എടുത്താണ് വിളക്കുകൾ സ്ഥാപിച്ചതെന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി ഗ്രാമങ്ങളിൽ എത്തിയപ്പോഴാണ് അനധികൃതമായി സ്ഥാപിച്ച വിളക്കുകൾ ശ്രദ്ധയിൽപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിഷേധം ശക്തമായതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭാരവാഹികൾ വൈദ്യുതി ബിൽ അടയ്ക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ തെരുവുവിളക്കുകൾ നീക്കം ചെയ്യുന്ന നടപടി നിർത്തിവച്ചു. അതേസമയം, ബിജെപി സ്ഥാനാർഥിയുടെ പരാജയവുമായി തെരുവുവിളക്കുകൾ നീക്കം ചെയ്ത സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്ന് നിവായ് എംഎൽഎ റാം സഹായ് വർമ പ്രതികരിച്ചു.


