തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു. നവംബർ 24 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ (ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച ഈ ജില്ലകൾക്ക് പുറമെ തൃശൂർ, പാലക്കാട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കിഴക്കൻ കാറ്റ് ശക്തമായതാണ് മഴ കനക്കാൻ കാരണം. ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടാക്കാം. അതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മിന്നലേറ്റാൽ പൊള്ളൽ, കാഴ്ചയിലോ കേൾവിയിലോ തകരാറുകൾ, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി നിലനിൽക്കുന്നില്ല. അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മിന്നലേറ്റ ശേഷമുള്ള ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്നും ദുരന്തനിവാരണ അതോറിറ്റി ഓർമിപ്പിക്കുന്നു.


