മലപ്പുറം: വൃക്കരോഗത്തിന് കാരണമായ മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമിന്റെ കസ്റ്റമർ കെയർ നമ്പർ കാസർകോട് സ്വദേശിനിയുടെ പേരിലെന്ന് കണ്ടെത്തൽ. ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം ബാധിച്ച മലപ്പുറം സ്വദേശിയായ 17കാരിയുമായി ബന്ധപ്പെട്ടത് കാസർകോട് സ്വദേശിനിയുടെ പേരിലുള്ള നമ്പറിൽ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നമ്പറിന്റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും. മെർക്കുറി കലർന്ന ക്രീം വിൽപ്പന നടത്തുന്ന കാസർകോട്, മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്ന സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കുമെന്ന് 17കാരി വ്യക്തമാക്കി. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും പെൺകുട്ടി പറഞ്ഞു. താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയിട്ടുണ്ട്. എഫ് ട്യൂൺ ക്രീം ഇപ്പോഴും ഉപയോഗിക്കുന്നവർ അത് ഉടൻ നിർത്തണമെന്നും പെൺകുട്ടി അഭ്യർഥിച്ചു.
സംഭവത്തിൽ പ്രതികരിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ മോശം കമന്റുകളുമായി രംഗത്തെത്തുന്നുണ്ടെന്നും പെൺകുട്ടി പറഞ്ഞു. താൻ അപകടത്തിൽപ്പെട്ടെങ്കിലും മറ്റുള്ളവർക്കെങ്കിലും ഇതേ ദുരനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് നിയമപോരാട്ടത്തിന് ഇറങ്ങിയതെന്നും 17കാരി വ്യക്തമാക്കി.
അതിനിടെ, സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ അനിയന്ത്രിതമായ വിൽപ്പനയും വിതരണവും തടയാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. നിലവിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമാണത്തിനാണ് ലൈസൻസ് നിർബന്ധമായുള്ളത്. എന്നാൽ കേരളത്തിൽ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് നടപടി. ഓൺലൈൻ വിൽപ്പനയ്ക്കും പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ വിൽപ്പന നിയന്ത്രിക്കുന്നതിനുമുള്ള നിർണായക നടപടികളിലേക്കാണ് ഇതോടെ ആരോഗ്യവകുപ്പ് കടക്കുന്നത്.



