ആലപ്പുഴ: പട്ടണക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ രണ്ട് അന്തർസംസ്ഥാന മോഷ്ടാക്കളെ പൊലീസ് പിടികൂടി. അസം സ്വദേശികളായ സുഹൈൽ അലി (19), അസൽ അലി (30) എന്നിവരെയാണ് എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 27ന് പുലർച്ചെയായിരുന്നു ക്ഷേത്രത്തിൽ മോഷണം നടന്നത്. കാണിക്കവഞ്ചി കുത്തിത്തുറന്ന് ഏകദേശം 30,000 രൂപയാണ് പ്രതികൾ കവർന്നത്. മോഷണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ സമാന രീതിയിലുള്ള മറ്റ് കവർച്ചകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.
ചേർത്തല ഡിവൈഎസ്പി മഞ്ജുലാൽ എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തെ ഏറെ ശ്രദ്ധ നേടിയ പൊന്നാംവെളി സൗമ്യ ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടിയതും ഇതേ അന്വേഷണ സംഘമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലയിൽ മോഷണങ്ങളും അക്രമസംഭവങ്ങളും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ അറിയിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.


