തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 143-ാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങുന്നില്ല. സമരക്കാരുമായി സർക്കാർ തുടർചർച്ചകൾ നടത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച സമരനേതാവ് വളർമതിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ബുധനാഴ്ചയ്ക്കുള്ളിൽ വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ എൽപിഎസ്ടി സമരം ചർച്ചയാകില്ലെന്നാണ് സൂചന. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കണമെന്നും അല്ലാത്തപക്ഷം വിരമിക്കൽ ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നികത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.
എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. വിരമിക്കൽ ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്ന് നികത്തണമെന്ന ആവശ്യത്തിലും സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതോടെ ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്.
അതേസമയം, സമാന ആവശ്യങ്ങളുമായി യുപിഎസ്ടി ഉദ്യോഗാർത്ഥികളും സമരരംഗത്തുണ്ട്. ഒമ്പത് ജില്ലകളിൽ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളവർക്ക് പോലും ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമന നടപടികൾ വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.


