ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ് (26) ആണ് മരിച്ചത്. അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഫിലിപ്പീൻസ്, ശ്രീലങ്ക സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു.
മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ബസിന് പിന്നിൽ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു.
ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.


