തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നതിനിടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെയും സൈബർ ആക്രമണം ശക്തമാകുന്നു. ഷാഫി പറമ്പിൽ എംപിയെ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും നേരെയാണ് ഒരു വിഭാഗം സൈബർ ആക്രമണം നടത്തുന്നത്. രാജ്മോഹൻ ഉണ്ണിത്താനെതിരായ ആക്രമണവും തുടരുകയാണ്. ജെ എസ് അഖിലിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെയും ഷാഫി അനുകൂലികൾ സൈബർ ആക്രമണവുമായി രംഗത്തുണ്ട്.
രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ചും ഷാഫി പറമ്പിലിനെ വിമർശിച്ചും ഉമ്മൻചാണ്ടിയുടെ കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്. സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷവും അധിക്ഷേപകരവുമായ ഭാഷയിലാണ് ചിലരുടെ പ്രതികരണങ്ങൾ. കോൺഗ്രസ് പ്രവർത്തകർ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന നേതാവാണ് ഉമ്മൻചാണ്ടി. എന്നിട്ടും ചില കോൺഗ്രസ് അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നുതന്നെ കുടുംബത്തിനെതിരെ ആക്രമണം ഉണ്ടാകുന്നത് ശ്രദ്ധേയമാണ്. പാർട്ടിയിലെ ഗ്രൂപ്പ് പോര് ശക്തമായതോടെ വിവിധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന സൈബർ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങളും തുടർന്നുണ്ടായ പ്രതികരണങ്ങളുമാണ് തർക്കം കൂടുതൽ വഷളാക്കിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ചിരുന്നത് ജെ എസ് അഖിലിന്റെ പേരായിരുന്നുവെന്ന് ഉണ്ണിത്താൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിനെതിരെയും സൈബർ ആക്രമണം ആരംഭിച്ചത്. ദൃശ്യമാധ്യമങ്ങൾക്ക് നൽകിയ പ്രതികരണ വീഡിയോകൾക്ക് താഴെയും രൂക്ഷമായ അധിക്ഷേപ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. രാജ്മോഹൻ ഉണ്ണിത്താനെയും കെ സി വേണുഗോപാലിനെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളും തുടരുകയാണ്. കോൺഗ്രസിലെ ആഭ്യന്തര തർക്കം പരസ്യമായ പോരിലേക്ക് മാറുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിലെ ഏറ്റുമുട്ടലുകളും കൂടുതൽ രൂക്ഷമാകുകയാണ്.


