തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പൊലീസുകാരന്റെ വീട്ടിൽ വൻ കവർച്ച. വെമ്പായം കന്യാകുളങ്ങരയിൽ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷണം പോയത്.
ജസ്നാദ് ജോലിക്കും ഭാര്യയും മക്കളും സ്കൂളിലേക്കും പോയ സമയത്തായിരുന്നു മോഷണം. വൈകിട്ട് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ ഭാര്യ ഡയാനയാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ അലമാരയിലെ വസ്ത്രങ്ങളും അടുക്കളയിലെ പാത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് ഡയാന ഭർത്താവിനെ വിവരം അറിയിച്ചു.
സംഭവമറിഞ്ഞ് വട്ടപ്പാറ, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.


