മുംബൈ: മഹാരാഷ്ട്രയിലെ വസയിയിൽ കെട്ടിടസമുച്ചയത്തിന്റെ 11-ാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് എന്ന കുട്ടിയാണ് മരിച്ചത്.
വീട്ടിലെ ഇടനാഴിയിൽ അയൽവാസിയായ പെൺകുട്ടിക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ ഷൂ റാക്കിൽ കയറിയ മിലിത്, സമീപത്തെ തുറന്ന ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതും അപകടത്തിന് പിന്നാലെ ബന്ധുക്കളും കെട്ടിടത്തിലെ മറ്റ് താമസക്കാരും പരിഭ്രാന്തരായി ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.


