ന്യൂഡൽഹി: ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണം വൻതോതിൽ വർധിച്ചതായി മെറ്റയുടെ സുതാര്യതാ റിപ്പോർട്ട്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 54.39 ലക്ഷം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമാണ് നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടുമുൻപത്തെ ആറു മാസക്കാലയളവിൽ ഇത് വെറും 41,400 മാത്രമായിരുന്നു. ഇതോടെ ഉള്ളടക്ക നിയന്ത്രണത്തിൽ 13,000 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.
ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കിയതിന് പിന്നാലെയാണ് ഈ വർധന. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ വഴിയുള്ള നടപടികൾ വ്യാപകമാക്കിയതും ഇതിന് കാരണമായി. ആഗോളതലത്തിൽ മെറ്റയുടെ ഉള്ളടക്ക നിയന്ത്രണ നടപടികൾ 2.7 ശതമാനം കുറഞ്ഞപ്പോഴാണ് ഇന്ത്യയിൽ ഇത്ര വലിയ വർധനയുണ്ടായത്. ആഗോളതലത്തിൽ നിയന്ത്രിക്കപ്പെട്ട 2.71 കോടി ഉള്ളടക്കങ്ങളിൽ 20 ശതമാനത്തിലധികവും ഇന്ത്യയിലേതാണ്. പ്രതിദിനം ശരാശരി 30,000ത്തിലധികം ഉള്ളടക്കങ്ങൾ ഇന്ത്യയിൽ നിയന്ത്രിക്കപ്പെടുന്നുവെന്നാണ് കണക്ക്.
മെറ്റ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെയ്സ്ബുക്കിൽ നിയന്ത്രിച്ച പോസ്റ്റുകളുടെ എണ്ണം 23,000ൽ നിന്ന് 28.02 ലക്ഷമായി ഉയർന്നു. 11,182 പ്രൊഫൈലുകൾക്കും നിയന്ത്രണമേർപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ നിയന്ത്രിച്ച ഉള്ളടക്കങ്ങൾ 10,500ൽ നിന്ന് 26 ലക്ഷത്തിലധികമായി. 12,989 അക്കൗണ്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ, സംസ്ഥാന പൊലീസ് ഏജൻസികൾ എന്നിവരുടെ നിർദേശപ്രകാരമാണ് മെറ്റയുടെ നടപടികൾ. ഐടി നിയമത്തിലെ 79(3)(b) വകുപ്പ് പ്രകാരമാണ് ഐ4സി നോട്ടീസുകൾ നൽകിയത്.
അതേസമയം, ഗൂഗിളിനും ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന ഉള്ളടക്ക നീക്കൽ അപേക്ഷകളിൽ വലിയ വർധനയുണ്ടായി. ഗൂഗിളിന് ലഭിച്ച 4,006 അപേക്ഷകളിൽ 2,870 എണ്ണവും പൊലീസ് ഏജൻസികളിൽ നിന്നായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് പൊലീസ് അപേക്ഷകളിൽ 184 ശതമാനം വർധനയുണ്ടായി. ആഗോളതലത്തിൽ റഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും പിന്നിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകിയ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. പൊലീസ് നിർദേശപ്രകാരം ഗൂഗിൾ നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ എണ്ണം 1,008ൽ നിന്ന് 8,321 ആയി ഉയർന്നു. 725 ശതമാനമാണ് വർധന.
അപകീർത്തിപ്പെടുത്തൽ ചൂണ്ടിക്കാട്ടി 2,130 അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചത്. മുൻവർഷം ഇത് 850 ആയിരുന്നു. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച അപേക്ഷകൾ 588ൽ നിന്ന് 695 ആയി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അപേക്ഷകൾ 181ൽ നിന്ന് 210 ആയി ഉയർന്നു. സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളും 18ൽ നിന്ന് 74 ആയി വർധിച്ചു.
ഗൂഗിളിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ 92 ശതമാനവും യൂട്യൂബിലായിരുന്നു. 59,779 ഉള്ളടക്കങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ ആകെ നീക്കം ചെയ്ത 19,883 ഉള്ളടക്കങ്ങളിൽ 17,700 എണ്ണവും യൂട്യൂബ് വീഡിയോകളാണ്.
2026ൽ അഞ്ച് മാസത്തിനിടെ സഹയോഗ് പോർട്ടൽ വഴി 2.98 ലക്ഷം യുആർഎല്ലുകൾ നീക്കം ചെയ്യാൻ നിർദേശിച്ചതായി കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്ക നിയന്ത്രണ നടപടികൾ രാജ്യത്ത് വലിയ തോതിൽ വർധിക്കുന്നുവെന്നാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.


