പുനലൂർ: കൊല്ലത്ത് പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അഖിൽ.
മണിയാർ സ്വദേശി രത്നാകരന്റെ വീട്ടിലെ സിറ്റൗട്ടിനോട് ചേർന്നുള്ള സൺഷെയ്ഡിന്റെ ഹുക്കിലാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയശേഷം ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു.
രത്നാകരന്റെ ബെംഗളൂരുവിലുള്ള മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്തിരുന്നത്. രത്നാകരന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുവരെയും തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. തുടർന്ന് നടന്ന സംഭവത്തിലാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുനലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം സംസ്കരിച്ചു.


