കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ മുൻ എംഎൽഎ ടി.ഐ. മധുസൂദനനെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മധുസൂദനന്റെ പ്രസംഗത്തെ വിമർശിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി നടത്തിയ ‘ചോരയ്ക്ക് ചോര’ എന്ന പരാമർശത്തെക്കുറിച്ച് ചോദിക്കണമെന്നാണ് രാഗേഷിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയേക്കാൾ വലുതല്ല മധുസൂദനന്റെ ‘പകരത്തിന് പകരം’ എന്ന പ്രയോഗമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആദ്യം സ്വമേധയാ കേസെടുക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു രാഗേഷിന്റെ പ്രതികരണം.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെവിട്ട കാര്യം പരാമർശിച്ച മധുസൂദനൻ, എന്നാൽ അവരാരും ഇന്ന് ജീവനോടെയില്ലെന്നും പറഞ്ഞു.
ധനരാജ് വധക്കേസിലെ കോടതി വിധിയെയും വിധി പ്രസ്താവിച്ച ജഡ്ജിയെയും രൂക്ഷമായി വിമർശിച്ചായിരുന്നു മധുസൂദനന്റെ മറ്റ് പരാമർശങ്ങൾ. വി. കുഞ്ഞികൃഷ്ണനെ ‘രാഷ്ട്രീയ നപുംസകം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാതിരുന്നത് ഭാഗ്യമെന്നും പരിഹസിച്ചു. ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും തടവും ശിക്ഷയും കൊണ്ട് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും മധുസൂദനൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊലപാതകങ്ങളെ ന്യായീകരിക്കുന്നത് പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ലെന്നും കലാപാഹ്വാനം അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ മുഴുവൻ വിവരങ്ങളും ശേഖരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വിവാദ പരാമർശം പിൻവലിക്കാൻ സിപിഎം നേതൃത്വം ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മധുസൂദനന്റെ പ്രസംഗത്തിനെതിരെ മന്ത്രി കെ. മുരളീധരനും രംഗത്തെത്തി. കാലത്തിനനുസരിച്ച് സിപിഎം മാറണമെന്നും ഇത്തരം അക്രമവും കൊലവിളിയുമാണ് പയ്യന്നൂർ സീറ്റ് പാർട്ടിക്ക് നഷ്ടമാകാൻ കാരണമെന്നും അദ്ദേഹം വിമർശിച്ചു. പുതിയ തലമുറയ്ക്ക് സ്വീകാര്യമല്ലാത്ത മുദ്രാവാക്യങ്ങളാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ഉയർത്തുന്നതെന്നും ഇത് സിപിഎമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും മുരളീധരൻ പറഞ്ഞു.



