ഇരവിപേരൂർ : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആസ്തി വികസന ഫണ്ട് ചെലവഴിക്കാത്ത കേരളത്തിലെ ഏക എംഎൽഎ ആറന്മുള എംഎൽഎയായിരുന്ന വീണാ ജോർജാണെന്ന് അബിൻ വർക്കി എംഎൽഎ. കഴിഞ്ഞ 5 വർഷവും കോവിഡ് കാലത്തും ഒരുവർഷ കാലയളവും ചേർന്നാൽ 21 കോടി രൂപയാണ് ചെലവഴിക്കാതെയിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലയളവിൽ ചില പദ്ധതികൾ പ്രഖ്യാപിച്ചു. അതൊന്നും നടപ്പായില്ല. ഈ പദ്ധതികൾ എല്ലാം പിൻവലിച്ച് പുതിയ പദ്ധതികൾ നടപ്പാക്കും. തന്റെ പ്രസ്താവന സംബന്ധിച്ച് ആക്ഷേപം ഉയർന്നാൽ ഇതു സംബന്ധിച്ചുള്ള ആധികാരിക രേഖകൾ ഹാജരാക്കാമെന്നും അബിൻ വർക്കി എംഎൽഎ പറഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡലം പ്രസിഡന്റ് കെ.ആർ.പ്രസാദ് അധ്യക്ഷത വഹിച്ചു. 12 വാർഡുകളിലെ വികസന പ്രശ്നങ്ങൾ യോഗത്തിൽ എത്തിയവർ എംഎൽഎയുടെ മുൻപിൽ അവതരിപ്പിച്ചു പ്രശ്നങ്ങൾക്കെല്ലാം വിവിധ വകുപ്പുകളും ആയി ആലോചിച്ച് അടിയന്തര സ്വഭാവത്തിൽ പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് നൽകി. കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, പഞ്ചായത്ത് പ്രസിഡന്റ് വി.സി.ബിജിമോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ശിവപ്രസാദ്, ജില്ലാ പഞ്ചായത്തംഗം നീതു മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.


