തിരുവനന്തപുരം: ഒരു റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി അവസാനിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഒഴിവുകൾ ഉറപ്പാക്കിയ ശേഷം മാത്രം പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്ന രീതിയിലേക്ക് മാറാനാണ് തീരുമാനം.
ഇല്ലാത്ത ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവും നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പരിശോധിക്കാനും സർക്കാർ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമനങ്ങൾ വേഗത്തിലാക്കാനാണ് നിലവിലെ രീതി പി.എസ്.സി നടപ്പാക്കിയത്. എന്നാൽ ഇത് ഉദ്യോഗാർഥികൾക്കും സർക്കാരിനും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
ഒഴിവുകളുടെ കൃത്യമായ കണക്ക് ലഭിക്കുന്നതിന് മുമ്പ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനാൽ ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യവുമുണ്ട്.
ഇനി മുതൽ വിവിധ വകുപ്പുകളിലെ യഥാർഥ ഒഴിവുകൾ കൃത്യമായി പരിശോധിച്ച ശേഷമാകും നിയമനത്തിനായി പി.എസ്.സിക്ക് ശുപാർശ നൽകുക. നിലവിൽ ഒഴിവുകളില്ലാതെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികകളും സമിതി പരിശോധിക്കും.
വിവിധ വകുപ്പുകളിലെ ഒഴിവുകളുടെ കണക്ക് ശേഖരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. ഒഴിവുകൾ കൃത്യമായി അറിയിക്കണമെന്ന് എല്ലാ വകുപ്പുകൾക്കും കർശന നിർദേശം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.


