ആലപ്പുഴ: മുതുകുളത്ത് തെരുവുനായക്കൂട്ടം പശുക്കിടാവിനെ കടിച്ചുകൊന്നു. മുതുകുളം സ്വദേശി തങ്കമണി അരവിന്ദിന്റെ വീട്ടിലെ ഒന്നര വയസ്സുള്ള സങ്കരയിനം കിടാവിനെയാണ് നായകൾ ആക്രമിച്ച് കൊന്നത്.
ചൊവ്വാഴ്ച രാത്രി ഒന്നോടെ നായക്കൂട്ടത്തിന്റെ കുര കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വീടിന്റെ പറമ്പിൽ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കിടാവിനെ വാങ്ങിയത്. നേരത്തെയും ഈ വീട്ടിലെ നിരവധി കോഴികളെ തെരുവുനായകൾ ആക്രമിച്ച് കൊന്നിരുന്നു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് വീട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ച് നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


