Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഞാൻ മാവിലായിക്കാരനെന്ന് മുഖ്യമന്ത്രി…. അപ്പോൾ പറവൂർക്കാരൻ അല്ലെ? എന്താണ് മുഖ്യമന്ത്രി പറഞ്ഞ ആ പ്രയോ​ഗത്തിന്റെ അർത്ഥം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാര്‍ത്താസമ്മേളങ്ങളില്‍ സാധാരണയായി ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാറുള്ള മുഖ്യമന്ത്രി വിഡി സതീശന്‍ പക്ഷേ കഴിഞ്ഞ ദിവസം കുറച്ച് വ്യത്യസ്തമായൊരു മറുപടി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയ പോരിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ‘നൈസായി’ ഒഴിഞ്ഞുമാറാനായിരുന്നു മുഖ്യമന്ത്രി അങ്ങനെയൊരു മറുപടി പറഞ്ഞത്. ഞാൻ ഈ നാട്ടുകാരനല്ല, ‘ഞാനൊരു മാവിലായിക്കാരനാണ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നമുക്കറിയാം അദ്ദേഹം എറണാകുളം ജില്ലയിൽ നിന്നുള്ളയാളാണെന്ന്. മാവിലായി എന്ന സ്ഥലമാകട്ടെ അങ്ങ് കണ്ണൂരിലും. അപ്പോൾ എന്തുകൊണ്ടായിരിക്കും അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ആരെങ്കിലും ചിന്തിച്ചോ? എന്നാൽ സംഭവം ഇതാണ്- അനാവശ്യ ചോദ്യങ്ങളില്‍ നിന്നും വിഷമകരമായ സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണിത്. മലബാര്‍ മേഖലയില്‍ ഏറെ പ്രചാരത്തിലുള്ള ഈ പ്രയോഗത്തിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്.

അന്തരിച്ച സാഹിത്യകാരന്‍ മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന സഞ്ജയന്‍ എഴുതിയ കഥയുമായി ബന്ധപ്പെട്ടാണ് ഈ പ്രയോഗത്തിന്റെ ഉത്ഭവം. ആ കഥയൊന്ന് പറയാം… നിലാവുള്ള ഒരു രാത്രിയില്‍ മദ്യപിച്ച രണ്ടുപേര്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന വസ്തു സൂര്യനാണോ ചന്ദ്രനാണോ എന്ന കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം മൂത്തതോടെ ഇരുവരും കത്തിയെടുക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടെ അതുവഴി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരാളെ അവര്‍ തടഞ്ഞുനിര്‍ത്തി തങ്ങളുടെ സംശയം ചോദിച്ചു.

‘ആകാശത്ത് കാണുന്നത് ചന്ദ്രനാണോ സൂര്യനാണോ എന്ന് പറഞ്ഞുതരൂ’ എന്നായിരുന്നു ചോദ്യം. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ താത്പര്യമില്ലാതിരുന്ന വഴിയാത്രക്കാരന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘സുഹൃത്തുക്കളേ, എനിക്കെങ്ങനെ അറിയാനാണ്? ഞാന്‍ ഇവിടുത്തുകാരനല്ല. മാവിലായിക്കാരനാണ്!’ ഇങ്ങനെയാണ് ‘ഞാനൊരു മാവിലായിക്കാരനാണ്’ എന്ന പ്രയോഗം പ്രചാരത്തിലായതെന്നാണ് പറയപ്പെടുന്നത്.

മുഖ്യമന്ത്രി ഉദ്ദേശിച്ചതും അത്ര തന്നെ. ഇത്തരം ചോദ്യങ്ങളൊന്നും തന്നോട് ചോദിക്കേണ്ട, പോയി KPCC പ്രസിഡന്റിനോട് ചോദിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, തനിക്ക് ഉത്തരം പറയാൻ സൗകര്യമില്ല എന്നർത്ഥം!

മലബാര്‍ മേഖലയിലെ ഏറ്റവും പഴക്കമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്രയോഗങ്ങളിലൊന്നാണിതത്രേ. അവിടത്തുകാർ മിക്കവരും ഇത് കുട്ടിക്കാലം തൊട്ട് കേൾക്കുന്നതായിരിക്കും. ഈ പ്രയോഗം ഉപയോഗിക്കുന്നതോടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും പ്രസക്തിയില്ലാതാകും. മറുപടി കേള്‍ക്കുന്നവര്‍ അത് അവസാന വാക്കായി അംഗീകരിക്കുകയാണ് പതിവെന്ന് പറയുകയാണ് കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സുരേഷ് ബാബു ഇളയാവൂർ.

അതേസമയം, ഈ പ്രയോഗത്തിന്റെ യഥാര്‍ഥ ഉത്ഭവം എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. സഞ്ജയന്‍ സ്വന്തമായി സൃഷ്ടിച്ചതാവാൻ വഴിയില്ലെന്ന് അദ്ദേഹം പോലും തന്റെ കഥയില്‍ ഈ സംഭവം പരാമര്‍ശിക്കുന്നത് മറ്റേതെങ്കിലും പഴയ സ്രോതസില്‍ നിന്നായിരിക്കാമെന്നുമാണ് കരുതുന്നത്. രസകരമായ കാര്യം, പതിവായി ഈ പ്രയോഗം ഉപയോഗിക്കുന്ന പലര്‍ക്കും അതിന്റെ ഉത്ഭവത്തെക്കുറിച്ച് അറിയില്ല എന്നതാണ്. ദൈനംദിന സംഭാഷണങ്ങളില്‍ നിന്ന് കേട്ടുപഠിച്ച് മറ്റുള്ളവരിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്.

ഇനി മാവിലായിയെ കുറിച്ച് രണ്ട് വാക്ക്. കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് മാവിലായി സ്ഥിതി ചെയ്യുന്നത്. തലമുറകളായി കൈമാറിവന്ന ഈ പ്രയോഗം വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് തന്ത്രപൂര്‍വം രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഉപയോഗിക്കുന്നത്. സംസാരിക്കുന്ന രീതിക്കും സാഹചര്യത്തിനും അനുസരിച്ച് പ്രയോഗത്തിന്റെ അര്‍ഥത്തില്‍ മാറ്റമുണ്ടാകാമെങ്കിലും പ്രയാസകരമായ സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഇത്തരത്തിൽ ഓരോ ജില്ലയിലും ഓരോ നാട്ടിലും അവരുടേതായാ തനതായ ഭാഷാ പ്രയോ​ഗങ്ങൾ ഒരുപാട് കാണും. ചിലത് കേരളമാകെ വൈറലായകുമെങ്കിൽ കൂടുതലും ആ നാട്ടുകാരോ ആ നാടുമായി അടുത്തിടപഴകുന്നവരുമായോ മാത്രം ഒതുങ്ങുന്നായിരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix