Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മയക്കുവെടിയേറ്റിട്ടും കീഴടങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യം രണ്ടാംദിനത്തിലേക്ക്, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചിന്നക്കനാൽ: മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം രണ്ടാംദിനത്തിലേക്ക്. ആദ്യദിനത്തിലെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ ഏഴോടെ ദൗത്യം പുനരാരംഭിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ചക്കക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്.

ആനയെ അനുയോജ്യമായ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. എന്നാൽ ഇന്നലെ മയക്കുവെടിയേറ്റതിനാൽ ആനയുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ. 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ചക്കക്കൊമ്പനെ കണ്ടെത്താനുള്ള പ്രത്യേക ട്രാക്കിങ് സംഘം തിരച്ചിൽ ആരംഭിച്ചത്. ഡ്രോൺ നിരീക്ഷണത്തിലൂടെ രാവിലെ എട്ടേക്കർ കോളനിയിലെ പൊന്നുസ്വാമി എസ്റ്റേറ്റിന് സമീപം ആനയിറങ്കൽ ജലാശയത്തിനടുത്ത് ആനയെ കണ്ടെത്തി. ജലാശയത്തോട് ചേർന്നുള്ള സ്ഥലം മയക്കുവെടി പ്രയോഗിക്കാൻ സുരക്ഷിതമല്ലാത്തതിനാൽ ദൗത്യസംഘം കാത്തുനിന്നു.

വെറ്ററിനറി ഡോക്ടർമാരുൾപ്പെടെ 24 അംഗ സംഘം ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. രാവിലെ 7.20ഓടെ ജലാശയത്തിലിറങ്ങിയ ചക്കക്കൊമ്പൻ പിന്നീട് തുരുത്തിൽ നിലയുറപ്പിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് മയക്കുവെടി പ്രയോഗിക്കുന്നത് അപകടകരമായതിനാൽ സ്പീഡ് ബോട്ടിന്റെ സഹായത്തോടെയും പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ കരയിലെത്തിക്കാനുള്ള ശ്രമം നടത്തി. ഉച്ചയോടെ ആനയെ ജലാശയത്തിൽനിന്ന് പുറത്തേക്ക് എത്തിച്ചു.

തുടർന്ന് 301 കോളനി, ഓമനക്കുഴി മേഖലകളിലേക്ക് നീങ്ങിയ ആന ഉച്ചയോടെ ചതുപ്പുനിലത്ത് നിലയുറപ്പിച്ചു. എന്നാൽ കനത്ത മഴയും ചതുപ്പുനിലവും ദൗത്യത്തിന് വെല്ലുവിളിയായി. മഴ ശമിച്ചതിന് പിന്നാലെ വൈകിട്ട് 3.40ഓടെ ഓമനക്കുഴിയിൽ വെച്ച് വെറ്ററിനറി സംഘം ആദ്യ മയക്കുവെടി പ്രയോഗിച്ചു. ആനയുടെ പിൻകാലിലാണ് ഡാർട്ട് പതിച്ചത്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ ആന മയങ്ങിയില്ല.

തുടർഡോസ് നൽകാൻ സംഘം തയ്യാറെടുക്കുന്നതിനിടെ ചക്കക്കൊമ്പൻ ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്തു. ഇതോടെ ദൗത്യസംഘം പിന്മാറി. പടക്കം പൊട്ടിച്ച് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചക്കക്കൊമ്പൻ കാട്ടിലേക്ക് മറഞ്ഞു. പിന്നീട് ശക്തമായ മഴയും കോടമഞ്ഞും കാഴ്ചപരിധി കുറച്ചതോടെ ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

മയക്കുവെടിയേറ്റിട്ടും ആന പൂർണമായി മയങ്ങാതിരുന്നത് മരുന്നിന്റെ മുഴുവൻ അളവും ശരീരത്തിൽ പ്രവേശിക്കാത്തതിനാലാണെന്നാണ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാറിന്റെ വിശദീകരണം. ആന ഉയരമുള്ള പുല്ലുകൾക്കിടയിലായിരുന്നതിനാൽ ഡാർട്ടിന്റെ സഞ്ചാരത്തിന് തടസ്സമുണ്ടായി. ശക്തമായ കാറ്റും മരുന്നിന്റെ അളവ് കുറയാൻ കാരണമായി. വെടിയേറ്റശേഷം അരമണിക്കൂറോളം നിരീക്ഷിച്ചിട്ടും ആനയുടെ ചെവിയും തുമ്പിക്കൈയും ചലിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കാഴ്ചപരിധി തീർത്തും കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ അപകടസാധ്യത ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. ആദ്യദിനത്തിലെ അനുഭവങ്ങൾ വിലയിരുത്തി ദൗത്യസംഘം തുടർനടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതൽ ജാഗ്രതയോടെ രണ്ടാംദിനത്തിലെ നീക്കങ്ങൾ.

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനവാസമേഖലകളിലിറങ്ങി കൃഷിനാശമുണ്ടാക്കുന്ന കാട്ടാനകളിലൊന്നാണ് ചക്കക്കൊമ്പൻ. എന്നാൽ അരിക്കൊമ്പൻ ദൗത്യത്തിൽനിന്ന് വ്യത്യസ്തമായി ആനയെ പിടികൂടി മറ്റൊരു വനമേഖലയിലേക്ക് മാറ്റാനല്ല ഇത്തവണത്തെ നീക്കം. മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിച്ചശേഷം സ്വാഭാവിക ആവാസവ്യവസ്ഥയിൽത്തന്നെ നിലനിർത്താനാണ് വനംവകുപ്പിന്റെ പദ്ധതി.

റേഡിയോ കോളർ ഘടിപ്പിക്കുന്നതിലൂടെ സാറ്റലൈറ്റ് സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരം 24 മണിക്കൂറും നിരീക്ഷിക്കാനാകും. ആന ജനവാസമേഖലയിലേക്ക് അടുക്കുമ്പോൾ മുന്നറിയിപ്പ് നൽകാനും ഇതുവഴി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളായ ഭരതും വിക്രമും ദൗത്യത്തിനായി സജ്ജമാണ്.

മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിലും ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ഡി.കെ. വിനോദ് കുമാറിന്റെ മേൽനോട്ടത്തിലുമാണ് ദൗത്യം പുരോഗമിക്കുന്നത്. വെറ്ററിനറി വിദഗ്ധർ, റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുന്നത്. മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ വീണ്ടും ജനവാസമേഖലയിലേക്കോ ദേശീയപാത കടന്ന് മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലേക്കോ നീങ്ങാതിരിക്കാനും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആനയെ സുരക്ഷിതമായി മയക്കി റേഡിയോ കോളർ ഘടിപ്പിക്കാനാകുമോ എന്നതാണ് രണ്ടാംദിനത്തിലെ പ്രധാന വെല്ലുവിളി. ആനയുടെ നീക്കങ്ങൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ചായിരിക്കും തുടർനടപടികൾ. അതീവ ജാഗ്രതയോടെയാണ് ചിന്നക്കനാലിൽ ദൗത്യസംഘം പ്രവർത്തിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix