കണ്ണൂർ: സിപിഐഎം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണൻ. പ്രസംഗം നിസ്സാരമായി കാണാനാകില്ലെന്നും നാട്ടിൽ വീണ്ടും ഭീതി പടർത്തി നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
കോടതി വിധിയോടുള്ള വിയോജിപ്പ് എന്നതിലുപരി ആക്രമണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനമാണ് മധുസൂദനൻ നടത്തിയതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിൽ തന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കും തീരുമാനങ്ങൾക്കും അതീതമായി മറ്റൊരു അഭിപ്രായമോ നിലപാടോ ഉണ്ടാകരുതെന്ന അധികാരമനോഭാവമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം വിമർശിച്ചു.
ടി.ഐ. മധുസൂദനന്റെ അക്രമോത്സുക രാഷ്ട്രീയത്തിനും വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ഓരോ കാലഘട്ടത്തിലും യുവാക്കളെ അക്രമരാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയും അവരുടെ കായികശേഷി സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കും അധികാര സംരക്ഷണത്തിനുമായി ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നാണ് തന്റെ പ്രധാന വിമർശനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പലതവണ ഉന്നയിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
അക്രമപ്രവർത്തനങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനൊപ്പം അവർക്ക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകി വിധേയത്വമുള്ളവരാക്കി നിലനിർത്തിയെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ഇതിലൂടെ പയ്യന്നൂരിലെ സിപിഐഎമ്മിനെ മധുസൂദനൻ സ്വന്തം സ്വകാര്യ സംരംഭം പോലെയാക്കി മാറ്റി. ഇത്തരത്തിൽ പാർട്ടിയിലേക്ക് എത്തിയവർക്ക് രാഷ്ട്രീയ ബോധമോ പ്രത്യയശാസ്ത്രപരമായ ധാരണയോ ജനങ്ങളോടുള്ള ഉത്തരവാദിത്തമോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതോടെ പയ്യന്നൂരിലെ സിപിഐഎം ഘടകത്തിന്റെ സംഘടനാ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ജനാധിപത്യപരമായ ആഭ്യന്തര സംവാദങ്ങൾക്കും പ്രത്യയശാസ്ത്ര നിലപാടുകൾക്കും പ്രാധാന്യം നൽകേണ്ട പ്രസ്ഥാനം വ്യക്തികേന്ദ്രീകൃത അധികാരപ്രയോഗങ്ങളുടെയും ആശ്രിത രാഷ്ട്രീയത്തിന്റെയും അക്രമസംസ്കാരത്തിന്റെയും വേദിയായി മാറിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി പയ്യന്നൂരിലെ സാഹചര്യം മാറിയെന്നും അദ്ദേഹം വിമർശിച്ചു.
കൊലവിളി ജനാധിപത്യ രാഷ്ട്രീയത്തിന്റെ രീതിയല്ലെന്നും മാടമ്പിത്തത്തിന്റെയും വ്യക്തികേന്ദ്രീകൃത അധികാരപ്രയോഗത്തിന്റെയും രാഷ്ട്രീയമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. മാനവികതയെക്കുറിച്ച് സംസാരിക്കുന്ന സിപിഐഎമ്മിന് മധുസൂദനന്റെ പ്രസംഗത്തിലും ഇതേ നിലപാടാണോ എന്നത് വ്യക്തമാക്കേണ്ടതുണ്ട്. സംഭവത്തിൽ നിയമപരമായ പരിശോധനയും ആവശ്യമായ നടപടികളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പയ്യന്നൂരിൽ സമാധാനപരമായ സാമൂഹികജീവിതം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് വീണ്ടും ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും സാഹചര്യം നേരിടേണ്ടിവരുമെന്നും കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകി. സമൂഹത്തിന്റെ സമാധാനവും ജനാധിപത്യ അവകാശങ്ങളും ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


